കാനഡയിലുള്ള ഇന്ത്യക്കാർക്കും, അങ്ങോട്ട് യാത്രചെയ്യാനിരിക്കുന്നവർക്കും സുരക്ഷാ മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം
കാനഡയിൽ ഈയിടെ പ്രതിഷേധമുണ്ടായ സ്ഥലങ്ങളിൽ യാത്രചെയ്യുമ്പോൾ വിദ്യാർഥികളടക്കമുള്ളവർ അതീവജാഗ്രത പാലിക്കണമെന്നാണ് നിർദേശം. അതിനിടെ ഖലിസ്ഥാൻ അനുകൂലിയായ വിവാദ ഗായകൻ സുബ്നീത് സിങ്ങിന്റെ ഇന്ത്യയിലെ സംഗീത പരിപാടികൾ റദ്ദാക്കി.
അത്യാവശ്യമില്ലെങ്കില്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്നും സുരക്ഷാ ഭീഷണിയുണ്ടെന്നും കനേഡിയന്‍ പൗരന്മാര്‍ അതീവ ജാഗ്രത പാലിക്കണമെന്നുമുള്ള കാനഡയുടെ മാര്‍ഗനിര്‍ദേശം ഇന്നലെ വന്നതിന് പിന്നാലെയാണ് ഇന്ത്യയും സുരക്ഷാ മുന്നറിയിപ്പ് പുറത്തിറക്കിയത്. ഖലിസ്ഥാൻ അനുകൂലികൾ പ്രതിഷേധ പ്രകടനം നടത്തിയ മേഖലകളിൽ ഇന്ത്യക്കാർ പോകുന്നത് ഒഴിവാക്കണം. ആവശ്യമുണ്ടേൽ ഒട്ടാവയിലെ ഹൈക്കമ്മിഷൻ ഓഫിസ്, ടൊറന്റോ, വാൻകൂവർ എന്നിവിടങ്ങളിലെ കോൺസുലേറ്റ് ഓഫിസുകൾ മുഖേന ആളുകൾ റജിസ്റ്റർ ചെയ്യണം.
സമീപകാലത്ത് നയതന്ത്ര ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെയുണ്ടായ ഭീഷണികളും മുന്നറിയിപ്പിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിനിടെ ഖലിസ്ഥാന്‍ അനുകൂല പരാമര്‍ശങ്ങളിലൂടെ വിവാദത്തില്‍പ്പെട്ട കനേഡിയന്‍– പഞ്ചാബി ഗായകന്‍ സുബ്‌നീത് സിങ്ങിന്റെ ഇന്ത്യയിലെ സംഗീതപരിപാടികള്‍ റദ്ദാക്കി. ടിക്കറ്റ് തുക പത്തുദിവസത്തിനകം തിരിച്ചുനല്‍കുമെന്ന് ബുക്ക് മൈ ഷോ അറിയിച്ചു. നേരത്തെ ഇന്ത്യന്‍ ഇലക്ട്രോണിക് ബ്രാന്‍ഡായ ബോട്ട്, സുബ്‌നീതിന്‍റെ സ്പോണ്‍സര്‍ഷിപ്പ് പിന്‍വലിച്ചിരുന്നു.