കോവിഡ് കെയർ സെന്ററിൽ ഓക്സിജൻ എത്തിക്കുന്നതിൽ അനാസ്ഥ; ഓക്സിജൻ എത്തിയത് ആവശ്യപ്പെട്ട് നാല് മണിക്കൂറുകൾക്ക് ശേഷം
കട്ടപ്പന: കോവിഡ് കെയർ സെന്ററിൽ ഓക്സിജൻ എത്തിക്കുന്നതിൽ നഗരസഭയുടെ അനാസ്ഥ.ഒടുവിൽ കൗൺസിലർ പ്രശാന്ത് രാജുവിന്റെ ഇടപെടലിൽ ഓക്സിജൻ എത്തിച്ചുനൽകി. കട്ടപ്പന കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ നിന്നും ഇന്നലെ ഉച്ചയോടെയാണ് കലക്ട്രേറ്റിലെ വാർ റൂമിലേക്ക് ഓക്സിജൻ ആവശ്യപ്പെട്ട് സന്ദേശം എത്തിയത്.ഒന്നേമുക്കാലോടെ സന്ദേശം കട്ടപ്പന നഗരസഭക്ക് കൈമാറുകയും ചെയ്തു.എന്നാൽ കട്ടപ്പനയിലെ നാഷണൽ ഗ്യാസ് ഏജൻസിയിലേക്ക് ഇവിടെ നിന്നും അറിയിപ്പ് ലഭിച്ചിരുന്നില്ല.ഒടുവിൽ അഞ്ചേമുക്കാലോടെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിന്റെ ചാർജ് വഹിക്കുന്ന ഡോ.നിതിൻ ഗ്യാസ് ഏജൻസിയിലെത്തി.ഈ സമയം ഇതുവഴിവന്ന നഗരസഭ കൗൺസിലർ പ്രശാന്ത് രാജു വിഷയത്തിൽ ഇടപെടുകയും നഗരസഭയുമായി ബന്ധപ്പെട്ട് ഉടൻതന്നെ വാഹനം എത്തിച്ച ഓക്സിജൻ സിലിണ്ടറുകൾ കയറ്റി കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ എത്തിക്കുകയും ചെയ്തു. ഓക്സിജൻ എത്തിക്കാൻ താമസമുണ്ടായിട്ടുണ്ടെങ്കിൽ അത് ഗുരുതര വീഴ്ചയാണെന്നും ഉത്തരവാദികളായവർ മറുപടി പറയണമെന്നും പ്രശാന്ത് രാജു പറഞ്ഞു.