ഇടുക്കി ചെറുതോണി അണക്കെട്ടിൽ ഉണ്ടായ സുരക്ഷാ വീഴ്ചയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ആറ് പോലീസുകാരെ സസ്പെൻഡ് ചെയ്തു
ഇടുക്കി ചെറുതോണി അണക്കെട്ടിൽ ഉണ്ടായ സുരക്ഷാ വീഴ്ചയിൽ നടപടി. സംഭവ സമയത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ആറ് പോലീസുകാരെ സസ്പെൻഡ് ചെയ്തു. ഒറ്റപ്പാലം സ്വദേശി ഡാമിൽ എത്തിയ സമയത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർക്കെതിരെയാണ് നടപടി. പരിശോധനയിൽ വീഴ്ചവരുത്തിയതിനാണ് സസ്പെൻഷൻ . ചെറുതോണി അണക്കെട്ടിൽ അതിക്രമിച്ചു കയറിയ യുവാവ് ഹൈമാസ്റ്റ് ലൈറ്റിന്റെ ടൈമറിലും എർത്ത് വയറിലും മറ്റുമായി 11 താഴുകൾ ഘടിപ്പിച്ചതായാണ് കണ്ടെത്തിയത്. അണക്കെട്ടിന്റെ ഷട്ടറിനെ ബന്ധിപ്പിച്ചിരുന്ന വടങ്ങളിൽ എന്തോ ദ്രാവകം ഒഴിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ജൂലൈ 22ന് ഉച്ചകഴിഞ്ഞ് 3. 15ന് ആയിരുന്നു സംഭവം. കഴിഞ്ഞ ദിവസം ഹൈമാസ്റ്റ് ലൈറ്റിനോട് ചേർന്ന് താഴ് കണ്ടെത്തിയതോടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. സുരക്ഷാവീഴ്ചയുമായി ബന്ധപ്പെട്ട് ഉന്നതല അന്വേഷണം വേണമെന്ന് കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് നൽകിയിരുന്നു. സുരക്ഷാവീഴ്ചയുടെ കാരണം കണ്ടെത്തുന്നതിനോ കുറ്റവാളിയിലേക്ക് എത്തുന്നതിനോ ഇപ്പോൾ നടക്കുന്ന അന്വേഷണം പര്യാപ്തമല്ലെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ കരുതുന്നത്.