‘ഡീസല്‍ വാഹനങ്ങള്‍ക്ക് ജിഎസ്ടി വര്‍ധന പരിഗണനയിലില്ല’; വ്യക്തത വരുത്തി നിതിന്‍ ഗഡ്കരി


ഡീസല്‍ വാഹനങ്ങള്‍ക്ക് നികുതി വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ നല്‍കിയിട്ടില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. നിലവില്‍ സര്‍ക്കാരിന്റെ സജീവ പരിഗണനയില്‍ അത്തരത്തിലുള്ള ഒരു നിര്‍ദേശവുമില്ലെന്ന് മന്ത്രി വ്യക്തത വരുത്തി. ഡീസല്‍ വാഹനങ്ങളുടെ വില്‍പന നിയന്ത്രച്ചില്ലേല്‍ 10 ശതമാനം ജിഎസ്ടി വര്‍ധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇതിലാണ് മന്ത്രി വ്യക്തത വരുത്തിയിരിക്കുന്നത്.
എക്‌സ് പ്ലാറ്റ് ഫോമിലായിരുന്നു കേന്ദ്ര മന്ത്രി വിശദീകരിച്ചിരിക്കുന്നത്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സിന്റെ വേദിയിലായിരുന്നു ഡീസല്‍ വാഹനങ്ങളുടെ നിര്‍മ്മാണം കുറച്ചു കൊണ്ടുവരുന്നതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചിരുന്നത്. ഡീസല്‍ കാറുകളുടെ എണ്ണം ഒമ്പതുവര്‍ഷത്തിനിടെ 33 ശതമാനത്തില്‍നിന്ന് 28 ശതമാനമായി കുറഞ്ഞെന്നും മന്ത്രി വിശദമാക്കി. ഡീസലിനെ അപകടകരമായ ഇന്ധനം എന്നാണ് മന്ത്രി വിശേഷിപ്പിച്ചത്.

പരിസ്ഥിതി സൗഹൃദ ഫ്യുവലുകളായ എഥനോള്‍, ഗ്രീന്‍ ഹൈഡ്രജന്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കാര്‍ നിര്‍മ്മാതാക്കളോട് അദ്ദേഹം ആവശ്യപ്പെട്ടു. ഓട്ടോമൊബൈല്‍ വ്യവസായം വളരുന്ന സാഹചര്യത്തില്‍ ഡീസല്‍ വാഹനങ്ങള്‍ കൂടാന്‍ പാടില്ല. അതിനുള്ള നടപടികള്‍ എല്ലാ തലത്തിലും എടുക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. 2070ല്‍ സീറോ കര്‍ബണ്‍ ലക്ഷ്യം കൈവരിക്കുന്നതിനായി ഡീസല്‍ ഉള്‍പ്പെടെയുള്ള അപകടകരമായ ഇന്ധനത്തിന്റെ ഉപയോഗം മൂലമുണ്ടാകുന്ന വായുമലിനീകരണ തോത് കുറയ്ക്കേണ്ടതുണ്ട്.
നിലവില്‍, ഓട്ടോമൊബൈലുകള്‍ക്ക് അധിക സെസ്സിനൊപ്പം 28 ശതമാനം ജിഎസ്ടിയും ബാധകമാണ്. വാഹനത്തിന്റെ തരം അനുസരിച്ച് 1.0 ശതമാനം മുതല്‍ 22 ശതമാനം വരെ ഇതില്‍ വരുന്നു. എസ്യുവികള്‍ക്കാണ് ഏറ്റവും ഉയര്‍ന്ന നികുതി വരുന്നത്, അതായത് 28 ശതമാനം ജിഎസ്ടിയും 22 ശതമാനം സെസും ഇവയ്ക്ക് ലഭിക്കുന്നു. ഡീസലിന് പകരക്കാരനായി എഥനോള്‍, ഗ്രീന്‍ ഹൈഡ്രജന്‍, ഇചഏ എന്നിങ്ങനെ മറ്റ് ഇക്കോ ഫ്രണ്ട്‌ലി ഫ്യുവലുകളും ഇവികളും കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്.