‘ദേശീയ ഗാനം ആലപിച്ചത് അനാദരവോടെ’; കരീന കപൂറിനെതിരെ വിമർശനം
ദേശീയ ഗാനത്തോട് അനാദരവ് കാണിച്ചെന്നാരോപിച്ച് ബോളിവുഡ് നടി കരീന കപൂറിനെതിരെ വ്യാപക വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ദേശീയ ഗാനം ചൊല്ലുമ്പോൾ അശ്രദ്ധയോടെ നിൽക്കുന്നുവെന്നാണ് ആരോപണം. കരീനയുടെ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ പ്രചാരം നേടുന്നുണ്ട്. ദേശീയ ഗാനം ആലപിക്കുമ്പോഴും അഭിനയിക്കുകയാണോ എന്നാണ് വിമർശനം.
കരീനയുടെ ആദ്യ ഒടിടി ചിത്രമായ ‘ജാനെ ജാനി’ന്റെ പ്രൊമോഷൻ പരിപാടിക്കിടെയായിരുന്നു സംഭവം. പരിപാടിക്കു മുൻപ് ദേശീയ ഗാനം പ്രക്ഷേപണം ചെയ്തപ്പോൾ താരം കൂടെയുള്ളവർക്കൊപ്പം ആലപിച്ചു. എന്നാൽ അറ്റൻഷനായി നിൽക്കേണ്ടതിന് പകരം കൈ കൂട്ടിപ്പിടിച്ച് അശ്രദ്ധയോടെയാണ് താരം നിന്നതെന്നാണ് വിമർശനം. വലിയ താരങ്ങൾക്ക് ഇതൊന്നും അറിയാത്തത് കഷ്ടമാണെന്നും ചിലർ പ്രതികരിച്ചു.
കരീനയ്ക്ക് ദേശീയ ഗാനം ചൊല്ലാൻ പോലുമറിയില്ലെന്നും ഇവിടെയും അഭിനയിക്കുകയാണെന്നും വിമർശിച്ചു. എന്നാൽ താരത്തെ പിന്തുണച്ചും നിരവധിപേർ പ്രതികരിച്ചു. ‘വീഡിയോയിൽ മറ്റുള്ളവരും അശ്രദ്ധയോടെയാണ് നിൽക്കുന്നത്. എന്തുകൊണ്ട് അത് ശ്രദ്ധിക്കുന്നില്ല’ എന്നും കമന്റുകളെത്തുന്നുണ്ട്.
നെറ്റ്ഫ്ലിക്സിലാണ് ചിത്രം സംപ്രേഷണം ചെയ്യുന്നത്. സൂജോയ് ഘോഷാണ് ജാനെ ജാൻ സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ കരീനയ്ക്കൊപ്പം വിജയ് വർമ, ജയ്ദീപ് അഹ്‍ലാവത് എന്നിവരും പ്രധാന താരങ്ങളായെത്തുന്നു. പ്രശസ്ത ജാപ്പനീസ് എഴുത്തുകാരനായ കീഗോ ഹിഗാഷിനോയുടെ ‘ഡിവോഷൻ ഓഫ് സസ്പെക്ട് എക്സ്’ എന്ന കൃതിയുടെ ദൃശ്യാവിഷ്കാരമാണ് ജാനെ ജാൻ.