മഴ മുന്നറിയിപ്പിൽ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഒമ്പത് ജില്ലകളിൽ നിലവിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മലപ്പുറം മുതൽ കൊല്ലം വരെയുള്ള ജില്ലകളിലാണ് അലേർട്ട്. രാവിലെ പ്രഖ്യാപിച്ചിരുന്ന കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ മഴ മുന്നറിയിപ്പ് പിൻവലിച്ചു.
കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് പുതുതായി യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. തിങ്കളാഴ്ച വരെ മഴ തുടരും. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശാവുന്ന കാറ്റും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഉണ്ടാകും. തീരദേശ മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുന്നു. അതേസമയം, മധ്യ ഒഡീഷയ്ക്കും ഛത്തീസ്ഗഡിനും മുകളിലായി ചക്രവാത ചുഴി സ്ഥിതി ചെയ്യുകയാണ്. ഇതിൻറെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്.
















































































































