കാലവര്‍ഷം 31ന് തന്നെ, നാളെ പുതിയ ന്യൂനമര്‍ദം രൂപപ്പെടും; 25 വരെ ശക്തമായ മഴ
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ഇന്ന് പുതിയ ന്യൂനമർദം രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ന്യൂനമർദം ശക്തിപ്രാപിച്ച് മെയ് 24 ഓടെ ചുഴലിക്കാറ്റായി മാറിയേക്കും. തുടർന്ന് വടക്കുപടിഞ്ഞാറ് സഞ്ചരിച്ച് തീവ്രതയേറി ഒഡിഷ വെസ്റ്റ്ബംഗാൾ തീരത്ത് മെയ് 26 ഓടെ എത്താൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും തെക്കൻ ആൻഡമാൻ കടലിലും മത്സ്യബന്ധനത്തിന് വിലക്കുണ്ട്. നിലവിൽ ഈ പ്രദേശങ്ങളിൽ ആഴക്കടൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ മെയ് 23 ഓടെ സുരക്ഷിത തീരങ്ങളിലേക്ക് മാറണമെന്നാണ് നിർദേശം. ന്യൂനമർദത്തിന്റെ സഞ്ചാര പാതയിൽ കേരളമില്ലെങ്കിലും ചൊവ്വാഴ്ച വരെ കേരളത്തിൽ പലയിടത്തും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
യാസ് ചുഴലിക്കാറ്റിന് മുന്നോടിയായി തീരസംരക്ഷണ സേന കിഴക്കൻ തീരങ്ങളിൽ മുന്നൊരുക്കങ്ങൾ തുടങ്ങി. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലേക്കും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലേക്കും യാസ് എത്താൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിനെ തുർന്ന് തീരസംരക്ഷണ സേന കിഴക്കൻ തീരത്ത് രക്ഷാപ്രവർത്തനങ്ങൾക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. നാവിക സേനയ്‌ക്കൊപ്പം വ്യോമസേനയും തയ്യാറെടുപ്പിലാണ്. നങ്കൂരമിടുന്ന ബോട്ടുകൾക്ക് സഹായമൊരുക്കാനും സുരക്ഷാ നടപടികൾ സ്വീകരിക്കാനും നിർദേശമുണ്ട്. ഇതിനായി ഇന്റർനാഷണൽ സേഫ്റ്റി നെറ്റ് സജീവമാക്കിയിട്ടുണ്ട്.