ഉടുമ്പന്‍ചോലനാട്ടുവാര്‍ത്തകള്‍
കുളത്തിൽ വിഷം കലക്കി; പൂർണ വളർച്ചയെത്തിയ മീനുകൾ ചത്തുപൊങ്ങി
നെടുങ്കണ്ടം∙ പടുതാക്കുളത്തിൽ വിഷം കലക്കി, മീനുകൾ ചത്തുപൊങ്ങി. തൂക്കുപാലം ചോറ്റുപാറ സ്വദേശി ഷാജഹാന്റെ പുരയിടത്തിലെ പടുത കുളത്തിലാണു മീനുകൾ ചത്തുപൊങ്ങിയത്. നെടുങ്കണ്ടം പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. 600 വലിയ മീനുകളാണ് ചത്തുപൊങ്ങിയത്. കഴിഞ്ഞ 3 വർഷമായി ഷാജഹാൻ പടുതക്കുളത്തിൽ മീൻ വളർത്തുന്നുണ്ട്.
പൂർണ വളർച്ചയെത്തിയ മീനുകൾ ചത്തുപൊങ്ങിയതോടെ ഷാജഹാനു വൻ നഷ്ടമാണുണ്ടായത്. കഴിഞ്ഞ ദിവസം വരെ പടുതാക്കുളത്തിൽ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. ഇന്നലെ രാവിലെ തീറ്റ നൽകാനെത്തിയപ്പോഴാണു മീനുകൾ ചത്തുപൊങ്ങി കിടക്കുന്നത് കണ്ടെത്തിയത്. വെള്ളത്തിനു നിറം മാറ്റമുള്ളതിനാൽ വിഷം കലക്കിയതെന്നാണു പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തി വരികയാണ്.