വര്‍ഗീയ വിദ്വേഷ പ്രസംഗം; മന്ത്രി സജി ചെറിയാന്‍ സി പി ഐ എമ്മിന് വീണ്ടും തലവേദന, മുസ്ലിം സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത്

മന്ത്രി സജി ചെറിയാന്റെ മുസ്ലിം വിരുദ്ധ പ്രസ്താവനയില്‍ പൊള്ളി സി പി ഐ എം. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ന്യൂനപക്ഷ വിഭാഗങ്ങളെ പൂര്‍ണമായും പാര്‍ട്ടിയില്‍ നിന്നും അകറ്റുന്നതരത്തിലുള്ള പ്രസ്താവനകള്‍ നേതാക്കളില്‍ നിന്നും ഇടയ്ക്കിടെ ഉണ്ടാവുന്നത് തിരിച്ചടിക്ക് കാരണമാവുമെന്ന ആശങ്കയിലാണ് പാര്‍ട്ടി നേതൃത്വം.
കേരളത്തില്‍ എല്ലാ കാലത്തും മതന്യൂനപക്ഷങ്ങള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്ന രാഷ്ട്രീയ പ്രസ്ഥാനമായിരുന്നു സി പി ഐ എം. ന്യൂനപക്ഷങ്ങള്‍ക്കെതിരെ രാജ്യത്തിന് അകത്തും പുറത്തും ഉണ്ടായ എല്ലാ അതിക്രമങ്ങളെയും എതിര്‍ക്കാനും സംരക്ഷണം തീര്‍ക്കാനും ആഹ്വാനം ചെയ്ത രാഷ്ട്രീയ പാര്‍ട്ടിയും സി പി ഐ എമ്മും പുരോഗമന ആശയക്കാരുമായിരുന്നു. എന്നാല്‍ ഈ പാരമ്പര്യത്തില്‍ കഴിഞ്ഞ കുറച്ചുകാലമായി സി പി ഐ എം തന്നെ വെള്ളം ചേര്‍ത്തിരിക്കൊണ്ടിരിക്കയാണെന്നാണ് ഉയരുന്ന ആരോപണം. മന്ത്രി സജി ചെറിയാന്റെ കഴിഞ്ഞ ദിവസത്തെ മലപ്പുറം പ്രസംഗം ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.
മലപ്പുറത്തും, കാസര്‍ക്കോടും തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് വിജയിക്കുന്നവരുടെ പേരു നോക്കിയാല്‍ വ്യക്തമാവും ഇവിടെ ഒരു സമുദായത്തില്‍ പെട്ടവര്‍മാത്രമാണ് വിജയിക്കുന്നതെന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ ആരോപണം. തിരഞ്ഞെടുപ്പില്‍ മുസ്ലിംങ്ങള്‍ മാത്രമാണ് വിജയിക്കുന്നതെന്നും, ഇത് വര്‍ഗീയമായ നീക്കത്തിന്റെ ഭാഗമാണെന്നായിരുന്നു സജി ചെറിയാന്റെ ആരോപണം. വിജിച്ചവരുടെ പേരുകള്‍ നോക്കിയാല്‍ മതിയെന്നായിരുന്നു സജി ചെറിയാന്‍ പറഞ്ഞത്. അതൊരു വെറും പറച്ചിലല്ലായിരുന്നു എന്ന് വ്യക്തം. സി പി ഐ എം പോലുള്ള ഒരു പാര്‍ട്ടിയുടെ സംസ്ഥാന നേതാവും, പിണറായി നയിക്കുന്ന ഇടത് മന്ത്രിസഭയില്‍ സാംസ്‌കാരിക വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രികൂടിയാണ് സജി ചെറിയാന്‍.
കഴിഞ്ഞ ദിവസം എസ് എന്‍ ഡി പി ജന.സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതും ഇതുതന്നെയായിരുന്നു. മുസ്ലിംലീഗിനെ എതിര്‍ക്കാനെന്ന വ്യാജേന മുസ്ലിം വിരുദ്ധ രാഷ്ട്രീയമാണ് സജി ചെറിയാന്‍ പറഞ്ഞത്. മന്ത്രിയെന്ന നിലയില്‍ പാലിക്കേണ്ട മാന്യതപോലും സജി ചെറിയാന്‍ പാലിച്ചില്ലെന്നും, ഒരു മതവിഭാഗത്തിനെതിരെ വര്‍ഗീയവിദ്വേഷം പടര്‍ത്താനായി ശ്രമം നടന്നുവെന്നുമാണ് മുസ്ലിം സംഘടനകളുടെ ആരോപണം. സുന്നി കാന്തപുരം വിഭാഗം മന്ത്രി സജി ചെറിയാനെതിരെ കടുത്ത ഭാഷയിലാണ് രംഗത്തുവന്നിരിക്കുന്നത്. കാലങ്ങളായി സി പി ഐ എമ്മിനോട് ഒപ്പം നില്‍ക്കുന്ന സംഘടയാണ് കാന്തപുരം.
സജി ചെറിയാന്റെ പ്രയോഗം നരേന്ദ്രമോദി നേരത്തെ നടത്തിയ വര്‍ഗീയ പ്രസ്താവനയ്ക്ക് തുല്യമെന്നാണ് സമസ്ത ഇ കെ വിഭാഗം മുഖപത്രമായ സുപ്രഭാതത്തിന്റെ എഡിറ്റോറിയല്‍ ആരോപിച്ചത്. സജി ചെറിയാന്റെ അസുഖത്തിന് ചികിത്സ ആവശ്യമാണെന്നായിരുന്നു മുഖപ്രസംഗത്തില്‍ ആരോപിച്ചത്. സി പി ഐ എം കേന്ദ്രകമ്മിറ്റിക്ക് ശേഷമാണ് എസ് എന്‍ ഡി പിയും എന്‍ എസ് എസും വര്‍ഗീയ വൈരമുണ്ടാക്കാനുള്ള നീത്തങ്ങള്‍ ആരംഭിച്ചത്. ഇതിനു തൊട്ടുപിന്നാലെ സജി ചെറിയാന്റെ പ്രസ്താവനയും വന്നു. ഇതിന്റെ പൊരുള്‍ തേടി പാഴൂര്‍ പടിവരെയൊന്നും പോകേണ്ടതില്ലെന്നാണ് സുപ്രഭാതം പറയുന്നത്. കേരളത്തില്‍ മലപ്പുറത്തുമാത്രമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മുസ്ലിംവിഭാഗത്തില്‍നിന്നുമുള്ളത്. കോട്ടയത്തും മറ്റും ജയിച്ചുവന്നവരുടെ മതത്തെക്കുറിച്ച് എന്തുകൊണ്ടാണ് മന്ത്രി പറയാത്തത്. സി പി ഐ എം നേതാക്കളുടെ ഇത്തരം പ്രസ്താവനകള്‍ യാദൃശ്ചികമല്ലെന്നും സുപ്രഭാതം പറയുന്നു.
സംഘപാരിവാര്‍ സംഘടനകള്‍പോലും ഉന്നയിക്കാത്ത ആരോപണമാണ് സജി ചെറിയാന്‍ ഉന്നയിച്ചതെന്നാണ് മുസ്ലിം സംഘടനകള്‍ ആരോപിക്കുന്നത്. സി പി ഐ എം നേരത്തെ പലസ്തീന്‍ വിഷയത്തില്‍ ഐക്യദാര്‍ഢ്യസദസ് സംഘടിപ്പിച്ചതും കേന്ദ്രസര്‍ക്കാറിന്റെ പൗരത്വബില്ലിനെതിരെ പ്രതിഷേധ സംഗമം സംഘടിപ്പിച്ചതും മുസ്ലിം വിഭാഗത്തെ ഒപ്പം നിര്‍ത്താനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു. കോഴിക്കോട് വെച്ചുനടത്തിയ പ്രതിഷേധ സെമിനാറുകളില്‍ എല്ലാവിഭാഗം മുസ്ലിം സംഘടനാപ്രതിനിധികളേയും പങ്കെടുപ്പിച്ചിരുന്നു. മുസ്ലിംലീഗിനെയടക്കം കണ്‍വെന്‍ഷനില്‍ പങ്കെടുപ്പിക്കാനും ലീഗിനെ ഒപ്പം കൂട്ടാനും നീക്കവും നടത്തി. ഇത് യു ഡി എഫില്‍ പോലും ഭയപ്പെടുത്തിയിരുന്നു.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടായിരുന്നു ഈ നീക്കങ്ങള്‍. എന്നാല്‍ രണ്ടു വര്‍ഷം തികയുന്നതിന് മുന്‍പാണ് സി പി ഐ എമ്മിന്റെ നിലപാട് മാറ്റമെന്നത് ശ്രദ്ധേയമാണ്. നേരത്തെ വെള്ളാപ്പള്ളി നടേശന്‍ മുസ്ലിംലീഗിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. വെളളാപ്പള്ളിയുടെ നിലപാടിനെതിരെ സി പി ഐ എം മൗനം പാലിക്കുന്നുവെന്നുമാത്രമല്ല, വെള്ളാപ്പള്ളിയെ സി പി ഐ എം ചേര്‍ത്തുനിര്‍ത്തുകയാണ്.
ഭൂരിപക്ഷ വര്‍ഗീയത വളര്‍ത്തി, അതിലൂടെ ന്യൂനപക്ഷത്തെ അകറ്റാനും, വര്‍ഗീയമായ വേര്‍തിരിവുകള്‍ ഉണ്ടാക്കാനുമാണ് സി പി ഐ എം ശ്രമിക്കുന്നതെന്നാണ് പരക്കേ ഉയരുന്ന ആരോപണം.
സി പി ഐ എമ്മിന്റെ മറ്റൊരു നേതാവായ എ കെ ബാലന്‍ ഒരാഴ്ചമുന്‍പ് നടത്തിയ പ്രസ്താവനയും സജി ചെറിയാന്റെ നേതാക്കളുടെ നിലപാട്. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന ഇത്തരം പ്രസ്താവനകള്‍ ഒഴിവാക്കേണ്ടതാണെന്ന ഒറ്റപ്പെട്ട പ്രതികരണങ്ങള്‍ പാര്‍ട്ടിയില്‍ നിന്നുതന്നെ ഉയരുകയാണ്. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി നേതാക്കളും സജി ചെറിയാന്റെ അഭിപ്രായത്തില്‍ നീരസത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് ജമാഅത്തെ ഇസ്ലാമിയായിരിക്കുമെന്നായിരുന്നു എ കെ ബാലന്റെ വിവാദ പ്രസ്താവന.









































































