സ്‌നേഹത്തിന്റെ പൊതുച്ചോറൊരുക്കി ഡി.വൈ.എഫ്.ഐ
കട്ടപ്പന: മഹമാരിയിലും ദുരിതപെയ്‌ത്തിലും നാടാകെ വിറങ്ങലിച്ച് നിൽക്കുമ്പോൾ അവരെത്തുന്നത് നിറഞ്ഞ ചിരിയും സ്‌നേഹത്തിന്റെ പൊതുച്ചോറുമായി. ഡി.വൈ.എഫ്.ഐ കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കട്ടപ്പന നഗരസഭയിൽ പൊതിച്ചോർ വിതരണം ആരംഭിച്ചത്. നഗരസഭ അതിർത്തിയിലെ കോവിഡ് രോഗികൾ, ഹോം ക്വാറന്റയ്‌നിൽ കഴിയുന്നവർ, കോവിഡ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ, ചരക്കുവാഹനങ്ങളിലെ ഡ്രൈവർമാർ, പമ്പിലെ ജീവനക്കാർ, തെരുവേരങ്ങളിൽ് കഴിയുന്നവർ, ഭഷണം പാകം ചെയ്യാൻ കെഴിയാത്ത അതിഥി തൊഴിലാളികൾ എന്നിവർക്കാണ് പൊതിച്ചോർ നൽകുന്നത്. നഗരസഭയിലെ എല്ലാ മേഖലകളിലും പൊതിച്ചോർ നൽകുന്നുണ്ട്. കൂടാതെ സി.പി.എം ഏരിയ കമ്മിറ്റി ഓഫീസിന് സമീപമുള്ള പ്രത്യേക ഹെൽപ് ഡെസ്‌ക്കിൽ നിന്നും പൊതിച്ചോർ നൽകുന്നുണ്ട്. ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ യൂണിറ്റുകളിൽ നിന്നുമാണ് പൊതിച്ചോർ ശേഖരിക്കുന്നത്. സി.പി.എം ഏരിയ സെക്രട്ടറി വി.ആർ സജി പൊതിച്ചോർ വിതരണം ഉദ്‌ഘാടനം ചെയ്‌തു. ഡി.വൈ.എഫ്.ഐ മുൻ ജില്ലാ പ്രസിഡന്റ് കെ.പി സുമോദ്, ജിബിൻ മാത്യൂ, എബി മാത്യൂ, ഫൈസൽ ജാഫർ, നിയാസ് അബു, ജോബി, ലിജോ ജോസ്, അജിത്ത് ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് പൊതിച്ചോർ വിതരണം നടത്തുന്നത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 25 ലധികം സ്‌നേഹവണ്ടികൾ നഗരസഭയിൽ ഓടുന്നുണ്ട്. കൂടാതെ മരുന്നും ഭക്ഷ്യവസ്‌തുക്കളും വീടുകളിൽ എത്തിച്ച് നൽകുന്നു. വേനൽമഴക്കെടുതിയിൽ രക്ഷാപ്രവർത്തനവും നടത്തി വരുന്നതിനിടെയാണ് ഇപ്പോൾ സ്‌നേഹപൊതികളുമായി ഡി.വൈ.എഫ്.ഐ രംഗത്തിറങ്ങിയിരിക്കുന്നത്