ഉപ്പുതറയിൽ തകർന്നത് 27 വീടുകൾ
ഉപ്പുതറ : ശക്തമായ കാറ്റിലും മഴയിലും ഉപ്പുതറ, അയ്യപ്പൻകോവിൽ പഞ്ചായത്തുകളിൽ വ്യാപക നാശനഷ്ടം. ഒരു വീട് പൂർണമായും 26 വീടുകൾ ഭാഗികമായും തകർന്നു.
ആനവിലാസം വില്ലേജിൽ ഉൾപ്പെട്ട അയ്യപ്പൻകോവിൽ, കന്നിക്കല്ല് പുത്തൻപുരക്കൽ പി.ജെ. ബിനോജിന്റെ വീടാണ് പൂർണമായും തകർന്നത്. മാതൃഭൂമി ചപ്പാത്ത് ഏജന്റ് വി.വി.വിനോദ് കുമാറിന്റെ അടക്കം 13 വീടുകളാണ് അയ്യപ്പൻകോവിലിൽ ഭാഗികമായി തകർന്നത്. ഉപ്പുതറയിൽ 13 വീടുകൾ ഭാഗികമായി തകർന്നു. ലൈനുകളിൽ മരങ്ങൾ വീണ് വൈദ്യുതി ബന്ധം താറുമാറായി. രണ്ട് 33 കെ.വി, പതിനഞ്ച് 11 കെ.വി, എട്ട് എൽ.ടി. വൈദ്യുതി തൂണുകൾ തകർന്നു. രാപകൽ അധ്വാനിച്ചിട്ടും പ്രധാന സ്ഥലങ്ങളിൽ മാത്രമാണ് ശനിയാഴ്ച വൈകീട്ടോടെ വൈദ്യുതി പുനഃസ്ഥാപിക്കാൻ കഴിഞ്ഞത്. ഉൾപ്രദേശങ്ങളിൽ വൈദ്യുതി എത്തിക്കണമെങ്കിൽ മൂന്നു ദിവസമെങ്കിലും താമസിക്കും. വൻ കൃഷി നാശവും ഉണ്ടായിട്ടുണ്ട്. കനത്ത മഴയിൽ പെരിയാറിൽ ജലനിരപ്പും ഉയർന്നിട്ടുണ്ട്.