കാറ്റും മഴയും: കട്ടപ്പന നഗരസഭാ പരിധിയിൽ 10 വീടുകൾ തകർന്നു;
കട്ടപ്പന : ശക്തമായ കാറ്റിലും മഴയിലും കട്ടപ്പന നഗരസഭാ പരിധിയിൽ 10 വീടുകൾ ഭാഗികമായി തകർന്നു. പുളിയൻമല ഹിൽടോപ്പിൽ അങ്കണവാടിയുടെ മേൽക്കൂര നിലംപൊത്തി. വണ്ടൻമേട് സുൽത്താൻകട കുമാർസദനം ഭാഗ്യരാജിന്റെ ഞണ്ടാറിലുള്ള വീട് മരം വീണ് തകർന്നു. ഇവിടെ താമസിച്ചിരുന്ന മേലേക്കുളത്ത് സദാനന്ദനും ഭാര്യയും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വണ്ടൻമേട് വില്ലേജ് പരിധിയിൽ 8 വീടുകൾ ഭാഗികമായി നശിച്ചു. ഇരട്ടയാറിൽ രണ്ടു വീടുകളും കാഞ്ചിയാർ വില്ലേജ് പരിധിയിൽ 10 വീടുകളും ഭാഗികമായി നശിച്ചു. വ്യാപകമായ കൃഷിനാശവും ഉണ്ടായിട്ടുണ്ട്. വെള്ളയാംകുടി മാടപ്പാട്ട് ബെന്നിയുടെ നൂറു കണക്കിന് ഏത്തവാഴ കാറ്റത്ത് നിലംപൊത്തി. കട്ടപ്പന ഇലക്ട്രിക്കൽ മേജർ സെക്ഷനു കീഴിൽ അഞ്ച് 11 കെ.വി. പോസ്റ്റുകളും 25 എൽ.ടി. പോസ്റ്റുകളും ഒടിഞ്ഞു. കാഞ്ചിയാർ സെക്ഷനിൽ മൂന്ന് എച്ച്.ടി. പോസ്റ്റുകളും ആറ് എൽ.ടി. പോസ്റ്റുകളും ഒടിഞ്ഞു. മിക്ക പ്രദേശങ്ങളും ഇരുട്ടിലാണ്.