ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം; സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കന്‍ ഒഡിഷ – പശ്ചിമ ബംഗാള്‍ തീരത്തിന് സമീപം ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാലും മഹാരാഷ്ട്ര – കേരള തീരത്ത് ന്യൂനമര്‍ദ്ദ പാത്തി നില്‍ക്കുന്നതിനാലും സംസ്ഥാനത്ത് അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്. മദ്ധ്യ തെക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴ സാദ്ധ്യത.തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വടക്ക് പടിഞ്ഞാറന്‍ മേഖലകളിലും ശക്തമായ ഈര്‍പ്പം രൂപംകൊണ്ടു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തമായി വടക്ക് പടിഞ്ഞാറോട്ട് സഞ്ചരിക്കും.
തെക്ക്പടിഞ്ഞാറന്‍ കാലവര്‍ഷക്കാറ്റ് കേരളത്തിന് മുകളിലൂടെ ഈ ചുഴിയില്‍ കേന്ദ്രീകരിക്കും. ഇതോടെ കേരളത്തിന് മുകളിലൂടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നും അറബിക്കടലില്‍ നിന്നുമുള്ള ഈര്‍പ്പം പ്രവഹിക്കും.ഇത് കാലവര്‍ഷക്കാറ്റ് ശക്തമാക്കി കൂടുതല്‍ മഴ ലഭിക്കുമെന്നാണ് വിലയിരുത്തുന്നത്.
യെല്ലോ അലര്‍ട്ട് ഇന്ന്:കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കണ്ണൂര്‍
നാളെ:ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ഓറഞ്ച്‌അലര്‍ട്ട് നാളെ ഇടുക്കി
അതേസമയം കേരള കര്‍ണാടക തീരങ്ങളില്‍ 40 – 45 കിലോമീറ്ററും ചിലപ്പോള്‍ 55 കിലോമീറ്ററും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനം പാടില്ല.
കേരള തീരത്ത് (വിഴിഞ്ഞം – കാസര്‍കോഡ് ) 2.2 മുതല്‍ 2.6 മീറ്റര്‍ വരെ തിരമാല ഉയരാനും കടലാക്രമണത്തിനും സാദ്ധ്യതയുള്ളതിനാല്‍ തീരവാസികള്‍ ജാഗ്രത പാലിക്കേണ്ടതാണ്.