പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും ഡൽഹിയിലേക്ക്


പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും ഡൽഹിയിലേക്ക്. കേരളത്തിലെ രാഷ്ട്രീയ സ്ഥിതിഗതികൾ ഹൈക്കമാൻഡിനെ അറിയിക്കുന്നതിനാണ് വി.ഡി സതീശനും കെ സുധാകരനും നാളെ ഡൽഹിയിലെത്തുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും നേരിൽ കണ്ട് രാഷ്ട്രീയ സ്ഥിതിഗതികൾ അറിയിക്കുമെന്നാണ് സൂചന. സംസ്ഥാനത്ത് കോൺഗ്രസ് പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് ഇരുവരുടെയും ഡൽഹി സന്ദർശനം. കൂടിക്കാഴ്ചകൾക്കും ചർച്ചകൾക്കുമായി സുധാകരനും സതീശനും രണ്ട് ദിവസം ഡൽഹിയിൽ ചെലവഴിക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം മോൻസൺ മാവുങ്കൽ ഉൾപ്പെട്ട വ്യാജ പുരാവസ്തു തട്ടിപ്പ് കേസിൽ സുധാകരനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.
”ഞാന്‍ ഒരു കേസില്‍ പ്രതിയാകുമ്പോള്‍ അത് പാര്‍ട്ടിയെ എഫക്റ്റ് ചെയ്യുന്നുവെങ്കില്‍ അത് ഉള്‍ക്കൊള്ളുവാന്‍ എനിക്ക് കഴിയില്ല. അതുകൊണ്ട് മാറി നില്‍ക്കാന്‍ തയ്യാറാണെന്ന് ഞാന്‍ അവരെ അറിയിച്ചു. എന്നാല്‍ നേതൃത്വം ഒറ്റക്കെട്ടായി സ്ഥാനത്ത് തുടരണമെന്നാവശ്യപ്പെട്ടു. അവരുടെ ആ അഭിപ്രായം താന്‍ സ്വീകരിച്ചു. അതോടെ ആ ചാപ്റ്റര്‍ അവസാനിച്ചു” – കെ സുധാകരന്‍ പറഞ്ഞു. രണ്ടുദിവസത്തിനുള്ളില്‍ എം.വി ഗോവിന്ദനെതിരെയും ദേശാഭിമാനിക്കെതിരെയും മാനനഷ്ടക്കേസ് ഫയല്‍ ചെയ്യും. കേസില്‍ തനിക്ക് ഒരു ഭയവും ആശങ്കയും ഇല്ല. കേസില്‍ ചോദ്യം ചെയ്തതോടുകൂടി തനിക്ക് ആത്മവിശ്വാസം കൂടിയെന്നും ഒരു ചുക്കും ചുണ്ണാമ്പുമില്ലെന്ന് ബോധ്യമായെന്നും സുധാകരന്‍ പ്രതികരിച്ചു.