സൗമ്യ ഓർമയായത് ആറു മാസം കഴിഞ്ഞ് തിരികെ വരാനിരിക്കെ
ചെറുതോണി ∙ മൂന്നു വർഷത്തെ പ്രണയത്തിനു ശേഷം വിവാഹിതരായ സൗമ്യയും സന്തോഷും ഒരുമിച്ചു ജീവിച്ചത് രണ്ടു വർഷം മാത്രം. വിവാഹം കഴിഞ്ഞിട്ട് 11 വർഷമായി. ഇതിൽ 9 വർഷവും സൗമ്യ ഇസ്രയേലിൽ ആയിരുന്നു. കോവിഡ് വ്യാപനം കുറഞ്ഞാൽ നാട്ടിലെത്തി സ്വസ്ഥജീവിതം നയിക്കാനിരിക്കെയാണ് ഷെല്ലാക്രമണത്തിൽ സൗമ്യ കൊല്ലപ്പെട്ടത്. സൗമ്യയുടെ അയൽവാസിയും ചെറുപ്പം മുതൽ കൂട്ടുകാരനുമാണ് സന്തോഷ്.
2010 മേയ് 31ന് ആയിരുന്നു വിവാഹം. ഏക മകൻ അഡോൺ ജനിച്ചതിനു ശേഷമാണ് സൗമ്യ ഇസ്രയേലിലേക്ക് പോയത്. സന്തോഷിന്റെ സഹോദരിമാർക്ക് അവിടെയായിരുന്നു ജോലി. അവർ 2019 അവസാനം സഹോദരി സനുപ്രിയയുടെ വിവാഹത്തിനാണ് സൗമ്യ നാട്ടിലെത്തിയത്. നാട്ടിൽ സ്ഥലം വാങ്ങാനും പുതിയ വീടുവയ്ക്കാനുമായിരുന്നു ആഗ്രഹം. ആറു മാസം കഴിഞ്ഞാൽ തിരികെയെത്താമെന്നും കരുതിയിരുന്നു.
എന്നാൽ, സ്വപ്നങ്ങളും ആഗ്രഹങ്ങളും ബാക്കിയാക്കി സൗമ്യ വിടവാങ്ങുമ്പോൾ സന്തോഷും മകൻ അഡോണും ആശയറ്റവരെ പോലെയായി. സൗമ്യയുടെ മൃതദേഹം എത്രയും വേഗം നാട്ടിൽ എത്തിക്കാനുള്ള നടപടി സർക്കാർ തലത്തിൽ നടത്തിയതായി ഇടുക്കി എംപി ഡീൻ കുര്യാക്കോസ് കീരിത്തോട്ടിലെ സൗമ്യയുടെ വീട്ടിൽ സന്ദർശനം നടത്തിയ ശേഷം പറഞ്ഞു. ഇസ്രയേൽ എംബസിയുടെ ഭാഗത്തു നിന്നു നല്ല സഹകരണമാണ് ലഭിച്ചതെന്നും എംപി പറഞ്ഞു.