രേഖകളില്ലാതെ കേരളത്തിലേക്ക് കടക്കാന്‍ ശ്രമിച്ച യുവാക്കളെ തിരിച്ചയച്ചു
നെടുങ്കണ്ടം: മതിയായ രേഖകളില്ലാതെ കേരളത്തിലേക്ക് കടക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കളെ നെടുങ്കണ്ടം പോലീസ് പിടികൂടി തിരിച്ചയച്ചു. തേവാരംമെട്ടിന് സമീപത്തെ സമാന്തരപാതയിലൂടെയാണ് ഇന്നലെ രാവിലെ യുവാക്കള്‍ കേരളത്തിലേക്ക് കടക്കാന്‍ ശ്രമിച്ചത്. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന നെടുങ്കണ്ടം പോലീസും സന്നദ്ധ പ്രവര്‍ത്തകരും ഇവരെ ചോദ്യം ചെയ്തെങ്കിലും വ്യക്തമായ മറുപടി നല്‍കാന്‍ ഇവര്‍ക്കായില്ല. തുടര്‍ന്ന് നെടുങ്കണ്ടം പോലീസ് സബ് ഇന്‍സ്പെക്ടര്‍ എ.കെ. സുധീര്‍ സ്ഥലത്തെത്തി ഇവരെ ചോദ്യം ചെയ്തു. കഴിഞ്ഞ നാലിന് ഇവര്‍ക്ക് ഇ-പാസ് ലഭിച്ചിരുന്നെങ്കിലും പാസില്‍ രേഖപ്പെടുത്തിയ കാരണങ്ങളല്ല ഇവര്‍ പറഞ്ഞത്. ശവസംസ്‌കാരത്തിന് എത്തിയതാണെന്ന് അറിയിച്ചെങ്കിലും ആരാണ് മരിച്ചതെന്നോ എവിടെയാണ് സ്ഥലമെന്നോ ഇവര്‍ക്ക് അറിയില്ലായിരുന്നു. കേരളത്തിന്റേതായ ഒരു രേഖകളും കൈവശവുമില്ലായിരുന്നു. ഇതേത്തുടര്‍ന്നാണ് യുവാക്കളെ പോലീസ് തിരികെ അയച്ചത്. തമിഴ്നാട്ടില്‍ നിന്നും സമാന്തരപാതകളിലൂടെ കേരളത്തിലേക്ക് ആളുകള്‍ കടക്കാനുള്ള സാധ്യത മുന്നില്‍കണ്ട് രാമക്കല്‍മേട്, കമ്പംമെട്ട്, തേവാരംമെട്ട്, ചതുരംഗപ്പാറ തുടങ്ങിയ സ്ഥലങ്ങളില്‍ പോലീസിന്റെയും സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പരിശോധനകള്‍ നടക്കുന്നുണ്ട്. ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ഇന്നലെ മൂന്ന് വാഹനങ്ങള്‍ നെടുങ്കണ്ടം പോലീസ് പിടികൂടി. വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരുകയും നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്യുമെന്ന് സി.ഐ. വി.എ. സുരേഷ് അറിയിച്ചു.