ഓരോ തദ്ദേശ സ്ഥാപനങ്ങളെയും സമ്പൂർണ്ണ മാലിന്യ മുക്തമായി നാളെ പ്രഖ്യാപിക്കും


ഓരോ തദ്ദേശ സ്ഥാപനങ്ങളെയും സമ്പൂർണ്ണ മാലിന്യ മുക്തമായി നാളെ പ്രഖ്യാപിക്കും. പരിസ്ഥിതി ദിനത്തിൽ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വിപുലമായ രീതിയിൽ ഹരിത സഭകൾ സംഘടിപ്പിച്ചാണ് പ്രഖ്യാപനം നടത്തുന്നത്.
മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പ്രവർത്തനങ്ങളോടനുബന്ധിച്ചാണ് പരിസ്ഥിതി ദിനമായ നാളെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഹരിത സഭകൾ ചേർന്ന്
സമ്പൂർണ്ണ മാലിന്യ മുക്തമായി പ്രഖ്യാപനം നടത്തുന്നത് .
2024 മാർച്ച് മാസത്തിൽ കേരളത്തെ മാലിന്യ മുക്തമായി പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായി ഖരമാലിന്യ പരിപാലന ചട്ടം പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെൻറ് ചട്ടം
എന്നിവ കർശനമായി നടപ്പിലാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സർക്കാർ നിർദേശ പ്രകാരം തദ്ദേശഭരണസ്ഥാപനങ്ങൾ ഏറ്റെടുത്തു വരികയാണ്. ഇതിൻ്റെ ഭാഗമായി ഓരോ വാർഡുകൾ തോറും ശൂചീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിരുന്നു. തുടർന്ന് ഓരോ മേഖലകൾ കേന്ദ്രീകരിച്ച് പൊതുജന പങ്കാളിത്വത്തോടെ വിപുലമായ ശുചിത്വ സന്ദേശറാലിയും സംഘടിപ്പിച്ചിരുന്നു. ഇതിൻ്റെ തുടർ പ്രവർത്തനമാണ് നാളെ നടക്കുന്നത്. തുടർന്ന് വരുന്ന മാർച്ച് 31 വരെ മാലിന്യ നിർമ്മാർജനവുമായി ബന്ധപ്പെട്ടു നടത്തേണ്ട കാര്യങ്ങൾ ചിട്ടപ്പെടുത്തി നാടാകെ സമ്പൂർണ്ണ മാലിന്യ മുക്തമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.