മഴക്കാലത്തിനു മുന്നോടിയായി 6.42 കോടിയുടെ റോഡ് നവീകരണം നടത്തി: മന്ത്രി റോഷി
* റോഡുകളുടെ നിലവാരം മെച്ചപ്പെടുത്താന്‍ എല്ലാ മാസവും യോഗം
ചെറുതോണി: ഇടുക്കി നിയോജക മണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകള്‍ മഴക്കാലത്തിനു മുന്നോടിയായി 6.42 കോടി രൂപ ചെലവഴിച്ചു ടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കിയതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.
അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള മുഴുവന്‍ റോഡുകളും ഗതാഗതയോഗ്യമാക്കണമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. മണ്ഡലത്തിലെ റോഡുകളുടെ നിലവാരം വിലയിരുത്തുന്നതിന് നോഡല്‍ ഓഫീസറായി സൂപ്രണ്ടിംഗ് എഞ്ചിനീയറെ ചുമതലപ്പെടുത്തിയിരുന്നു. മന്ത്രിയുടെ സാന്നിധ്യത്തില്‍ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടെയും യോഗം എല്ലാ മാസവും നടത്തുന്നുണ്ട്.
പൊതുമരാമത്ത് വകുപ്പ് കട്ടപ്പന സെക്ഷന് കീഴില്‍ വരുന്ന 31.7 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന വിവിധ റോഡുകളുടെ നവീകരണത്തിനായി 1.87 കോടി രൂപയും തടിയമ്പാട്-വിമലഗിരി-ശാന്തിഗ്രാം-ഉദയഗിരി-നീലിവയല്‍ റോഡിന് 77.60 ലക്ഷം രൂപയും തടിയമ്പാട്-കുതിരക്കല്ല്-മരിയാപുരം റോഡിന് 72.30 ലക്ഷം രൂപയും പൊതുമരാമത്ത് വകുപ്പ് ഇടുക്കി സെക്ഷന് കീഴില്‍ വരുന്ന 51.37 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന വിവിധ റോഡുകളുടെ നവീകരണത്തിന് 2.67 കോടി രൂപയുമാണ് ചെലവഴിച്ചത്.