കട്ടപ്പന താലൂക്ക് ആശുപത്രി ഡി.വൈ.എഫ്.ഐ ശുചീകരിച്ചു
കട്ടപ്പന: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡി.വൈ.എഫ്.ഐ കട്ടപ്പന സൗത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കട്ടപ്പന താലൂക്ക് ആശുപത്രിയുടെ പരിസരപ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ആശുപത്രിയില്‍ വരുന്ന ആളുകള്‍ വാഹനങ്ങള്‍ റോഡില്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്യുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിനാല്‍ മുന്‍സിപ്പാലിറ്റി ഇതിന് അടിയന്തരമായി പരിഹാരം കാണണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കോവിഡ് ടെസ്റ്റ് നടത്തുന്ന കെട്ടിടത്തിനു സമീപം ആശുപത്രി നിര്‍മാണ പ്രവര്‍ത്തനത്തിന് കൊണ്ടുവന്ന മിറ്റിലും മറ്റ് നിര്‍മാണ വസ്തുക്കളും അലക്ഷ്യമായി കിടക്കുന്നത് കോവിഡ് ടെസ്റ്റിനു എത്തുന്ന ആളുകള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. മുന്‍സിപ്പാലിറ്റി ഇതുവരെ ഇതിനൊരു പരിഹാരം കണ്ടെത്താത്തതിനെ തുടര്‍ന്നാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അവ അവിടെനിന്നു നീക്കം ചെയ്തത്. തുടര്‍ന്നു അവിടെ ആണു നാശിനി തളിച്ച് ശുചീകരിച്ചു. ആശുപത്രിയില്‍ എത്തുന്ന ആളുകള്‍ റോഡില്‍ അലക്ഷ്യമായി വാഹനമിടുന്നത് രോഗികള്‍ക്കും മറ്റ് യാത്രികര്‍ക്കും, ആശുപത്രിയില്‍ എത്തുന്നവര്‍ക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഇവിടെ ഇതുമൂലം ഗതാഗതതടസവും നിത്യ സംഭവമാണെന്നും ഇതിനൊരു പരിഹാരം അടിയന്തിരമായി കാണണമെന്നും, വാഹനപാര്‍ക്കിങ് നിയന്ത്രിക്കാന്‍ ഒരു സെക്യൂറിറ്റിയെ നിയോഗിക്കണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. ഡി.വൈ.എഫ്.ഐ കട്ടപ്പന സൗത്ത് മേഖല കമ്മിറ്റി പ്രസിഡന്റ് ജോബി വി. ബിറ്റോ, കെ. സുബിന്‍ ബിനു എന്നിവര്‍ നേതൃത്വം നല്‍കി.