‘വന്ദേഭാരത് കാരണം മറ്റ് ട്രെയിനുകൾ വൈകുന്നില്ല’: ദക്ഷിണ റെയിൽവേ*


ചെന്നൈ: മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വന്ദേഭാരത് ട്രെയിൻ ഓടിത്തുടങ്ങിയതോടെ, അതിന് എതിരായ പ്രചാരണങ്ങളും വാർത്തകളും വ്യാപകമായിരുന്നു. വന്ദേഭാരത് കാരണം മറ്റ് ട്രെയിനുകൾ വൈകുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ വന്നിരുന്നു. ഇതേത്തുടർന്ന് ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദക്ഷിണ റെയിൽവേ അധികൃതർ. വന്ദേ ഭാരത് കാരണം മറ്റ് ട്രെയിനുകൾ വൈകുന്നില്ലെന്നാണ് ദക്ഷിണ റെയിൽവേ വ്യക്തമാക്കുന്നത്.
വന്ദേ ഭാരത് കൃത്യസമയവും വേഗവും പാലിക്കുന്നുണ്ടെന്ന് ദക്ഷിണ റെയിൽവേ പത്രകുറിപ്പിൽ വ്യക്തമാക്കുന്നു. വന്ദേ ഭാരത് തിരുവനന്തപുരത്തും കാസർകോടും നിന്ന് പുറപ്പെടുന്നതും എത്തുന്നതും കൃത്യസമയത്ത് തന്നെയാണ്. ട്രയൽ റണ്ണിലെ സമയം സർവീസ് റണ്ണുമായി താരതമ്യം ചെയ്യാനാവില്ലെന്നും റെയിൽവേ വ്യക്തമാക്കി.
അതേസമയം വേണാട്, പാലരുവി സമയമാറ്റങ്ങൾക്ക് ഉണ്ടായ മാറ്റം വന്ദേ ഭാരതുമായി ബന്ധമില്ലെന്നും ട്രാക്കിലെ അറ്റകുറ്റ പണികൾ കാരണമാണ് ഈ ട്രെയിനുകൾ വൈകിയോടുന്നതെന്നും ദക്ഷിണ റെയിൽവേ വ്യക്തമാക്കി.
വന്ദേഭാരത് വന്നതോടെ വേണാടും പാലരുവിയും വൈകുന്നുവെന്നായിരുന്നു കഴിഞ്ഞ ദിവസം വന്ന വാർത്തകളിൽ പറഞ്ഞിരുന്നു. എറണാകുളത്ത് ഓഫീസ് സമയത്ത് എത്തേണ്ടുന്ന യാത്രക്കാരെ ഈ ട്രെയിനുകൾ വൈകുന്നത് വലയ്ക്കുന്നുവെന്നും ആക്ഷേപം ഉയർന്നു. എന്നാൽ വന്ദേഭാരത് കാരണമല്ല ഈ ട്രെയിനുകളൊക്കെ വൈകുന്നതെന്ന് വ്യക്തമാക്കുകയാണ് റെയിൽവേ.
കഴിഞ്ഞ ദിവസം കണ്ണൂർ- ഷൊർണൂർ പാസഞ്ചറും എറണാകുളം ഇൻറർസിറ്റിയും ഏറെ നേരം പിടിച്ചിട്ടതും യാത്രക്കാരെ വലച്ചിരുന്നു. ഏറനാട് എക്സ്പ്രസും ഇതേ തുടർന്ന് വൈകിയാണ് ഓടുന്നത്. ഡൽഹി-തിരുവന്തപുരം കേരള എക്സ്പ്രസ് കഴിഞ്ഞ ദിവസം ഇടപ്പള്ളിയിൽ 50 മിനിട്ടോളം പിടിച്ചിട്ടിരുന്നു. എന്നാൽ ഈ ട്രെയിനുകൾ വൈകുന്നത് ട്രാക്കിലെ അറ്റകുറ്റപ്പണിയും മറ്റുകാരണങ്ങൾ കൊണ്ടുമാണെന്ന് റെയിൽവേ വ്യക്തമാക്കുന്നു.