കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപെടുത്തി നെടുങ്കണ്ടം പഞ്ചായത്ത്
നെടുങ്കണ്ടം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നെടുങ്കണ്ടം പഞ്ചായത്തില്‍ ഡൊമിസിയല്‍ കോവിഡ് കെയര്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. നെടുങ്കണ്ടം പഞ്ചായത്ത് യു.പി. സ്‌കൂളിലാണ് സെന്റര്‍ ആരംഭിച്ചിരിക്കുന്നത്. പഞ്ചായത്തില്‍ രോഗവ്യാപനം വര്‍ധിക്കുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനമാകുകയും ചെയ്ത സാഹചര്യത്തിലാണ് ഡൊമിസിയല്‍ കോവിഡ് കെയര്‍ സെന്റര്‍ ആരംഭിച്ചിരിക്കുന്നത്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യമില്ലാത്ത രോഗ ലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികള്‍ക്കുവേണ്ടിയാണ് ഡൊമിസിയല്‍ കോവിഡ് കെയര്‍ സെന്റര്‍ ആരംഭിക്കുന്നത്. പഞ്ചായത്ത് യു.പി. സ്‌കൂള്‍ ഇതിനായി സജീകരണങ്ങളെല്ലാം പഞ്ചായത്ത് ഒരുക്കിയിട്ടുണ്ട്. നിലവില്‍ 50 കിടക്കകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. തഹസില്‍ദാര്‍, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെടുന്ന സമിതിയായിരിക്കും ഇവിടേക്ക് രോഗികള്‍ക്ക് പ്രവേശനം നല്‍കുന്നത്. ആദ്യ ദിവസം പത്ത് രോഗികളെയാണ് സെന്ററില്‍ പ്രവേശിപ്പിച്ചത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തില്‍ പത്ത് സാനിറ്റൈസിങ് ബൂത്തുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ജില്ലയിലെ ആദ്യത്തെ സ്ഥിരം വാക്സിനേഷന്‍ സെന്റര്‍ ഈ ആഴ്ച നെടുങ്കണ്ടത്ത് പ്രവര്‍ത്തനം ആരംഭിക്കും.
കല്ലാര്‍ കമ്യൂണിറ്റി ഹാളിനോട് അനുബന്ധിച്ചാണ് വാക്സിനേഷന്‍ സെന്റര്‍ തുടങ്ങുന്നത്. ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി പഞ്ചായത്ത് ഭരണസമിതി അറിയിച്ചു. പഞ്ചായത്ത് യു.പി സ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയന്‍ ഡൊമിസിയല്‍ കോവിഡ് കെയര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.കെ. പ്രശാന്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിജോ നടക്കല്‍, പഞ്ചായത്ത് അസി. സെക്രട്ടറി
കെ.എസ്. പ്രവീണ്‍, പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു