മലഞ്ചരക്ക് സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിക്കണം
കട്ടപ്പന: ലോക് ഡൗണില്‍ മലഞ്ചരക്ക് വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി. ഹൈറേഞ്ചിലെ പ്രത്യേക സാമ്പത്തിക സാഹചര്യം അനുസരിച്ച് തൊണ്ണൂറു ശതമാനം ജനങ്ങളും അവരുടെ മലഞ്ചരക്ക് ഉല്‍പ്പന്നങ്ങള്‍ വിറ്റ് ഉപജീവനം നടത്തുന്നവരാണ്. കഴിഞ്ഞ എട്ടു ദിവസമായി തുടരുന്ന മിനി ലോക്ക് ഡൗണിലും തുടര്‍ന്ന് 16 വരെ പ്രഖ്യാപിച്ചിരിക്കുന്ന സമ്പൂര്‍ണ ലോക്ക് ഡൗണ്‍ കാലത്തും മലഞ്ചരക്കു വ്യാപാരസ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാത്തതു കൊണ്ട് സാധാരണ ജനങ്ങളും കര്‍ഷകരും വളരെയധികം വിഷമിക്കുന്നുണ്ട്.
വില വളരെ കുറവാണെങ്കിലും തങ്ങളുടെ ഉല്‍പ്പന്നങ്ങളായ ഏലം, കുരുമുളക്, കാപ്പിക്കുരു, റബര്‍, ജാതിപത്രി, ഗ്രാമ്പൂ, ഇഞ്ചി, മഞ്ഞള്‍ മുതലായവ വിറ്റ് മരുന്നു വാങ്ങുന്നതിനും ഉപജീവനത്തിനും മലഞ്ചരക്ക് വ്യാപാരസ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ ത്തിച്ചാല്‍ മാത്രമേ സാധ്യമാവുകയുള്ളു.
ഹൈറേഞ്ച് പ്രദേശത്തെ പ്രത്യേകത കണക്കിലെടുത്ത് ജനങ്ങളുടെ ഉപജീവനം ലോക്ക്ഡൗണ്‍ തീരുന്നതു വരെ നിലനിര്‍ത്തിക്കൊണ്ടു പോകുന്നതിന് ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും നിശ്ചിത സമയക്രമം പാലിച്ച് മലഞ്ചരക്ക് വ്യാപാരസ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവും അനുമതി നല്‍കണ മെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ കമ്മിറ്റി പ്രസിഡന്റ് കെ.എന്‍. ദിവാകരന്‍, ജനറല്‍ സെക്രട്ടറി കെ. പി. ഹസന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.