മറക്കരുത്, ഈ പാഠങ്ങൾ; കോവിഡ് ബാധിതരും ക്വാറന്റീനിൽ ഉള്ളവരും എന്തൊക്കെ ശ്രദ്ധിക്കണം?
∙ പുറത്തു നിന്നു വരുന്നവർ വീടുകളിൽ പ്രവേശിക്കുന്ന ഉടൻ മാസ്ക് മാറ്റരുത്. ശരീരം ശുചിയാക്കിയ ശേഷം മാത്രം മാസ്ക് മാറ്റുക. തുടർന്നു മാത്രമേ വീട്ടിലുള്ളവരുമായി ഇടപഴകാവൂ. ഡിസ്പോസിബിൾ മാസ്ക്കുകൾ കൃത്യമായി നശിപ്പിക്കുക.
∙ കോവിഡ് രോഗിയെ പരിചരിക്കാൻ വീട്ടിലെ ഒരാളെ ഏൽപിക്കുക. ഇയാൾ മറ്റാരുമായും അടുത്തിടപഴകരുത്.
∙ എപ്പോഴും സ്പർശിക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ ഇടയ്ക്കിടെ അണുവിമുക്തമാക്കാം.
∙ കോവിഡ് ബാധിതരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരും ക്വാറന്റീനിൽ കഴിയുന്നവരും പനി, ജലദോഷം, തലവേദന, തലയ്ക്കു മന്ദത, വയറിളക്കം, വയറുവേദന തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിശോധനയ്ക്കു മുൻപുതന്നെ കോവിഡ് പോസിറ്റീവാണെന്നു കരുതിവേണം കുടുംബാംഗങ്ങളുമായി ഇടപഴകാൻ.
∙ അവശ്യസേവന വിഭാഗങ്ങളിൽ ജോലിക്കു പോകേണ്ടവർ, അവശ്യസാധനങ്ങൾ വാങ്ങുന്നതിനായി പുറത്തു പോകേണ്ടി വരുന്നവർ എന്നിവർ വീടുകളിൽ തിരിച്ചെത്തിയാൽ കഴിവതും ഒരു മുറിയിൽ തനിച്ചു കഴിയാൻ ശ്രദ്ധിക്കണം.
∙ വീട്ടിലെ ജനാലകൾ തുറന്നിട്ടു വായു സഞ്ചാരം ഉറപ്പുവരുത്തണം. കോവിഡ് ബാധിതർ കഴിയുന്ന മുറിയിൽ വൈറസിന്റെ സാന്നിധ്യം ഉണ്ടെങ്കിലും പുറത്തെ വായുവിലേക്കു വൈറസുകൾ പടരുമ്പോൾ ഇതിന്റെ ശേഷി കുറയും. ഇതോടെ മറ്റുള്ളവർക്കു കോവിഡ് പകരാനുള്ള സാധ്യത ഇല്ലാതാകും.
∙ പുറത്തുനിന്നു വരുന്നവർ പ്രായമുള്ളവർ, ഗുരുതര രോഗമുള്ളവർ എന്നിവരുടെ സമീപം പോകരുത്.
∙ കുടുംബാംഗങ്ങൾ ഒരു മേശയ്ക്കു ചുറ്റുമിരുന്നു ഭക്ഷണം കഴിക്കുന്നത് തൽക്കാലം ഒഴിവാക്കണം. പ്രായമുള്ളവർക്കു മറ്റുള്ളവരുമായി സമ്പർക്കം ഉണ്ടാകാത്ത വിധത്തിൽ ഭക്ഷണം നൽകുന്നതാണു നല്ലത്.
∙ ശ്വാസഗതി, ഓക്സിജൻ നില എന്നിവ വീട്ടിൽ തന്നെ പരിശോധിക്കണം. ഒരു മിനിറ്റിൽ 20 തവണ വരെയാണ് ആരോഗ്യമുള്ള ഒരാളുടെ ശ്വാസഗതി. ഇത് 24 തവണയിൽ കൂടിയാൽ ഡോക്ടറുടെ സേവനം തേടണം. 30 തവണയിൽ കൂടിയാൽ അടിയന്തര ചികിത്സ വേണം.
∙ ആരോഗ്യമുള്ള ആളിന്റെ ഓക്സിജന്റെ ലവൽ 94 വരെയാകാം. 90 ൽ താഴേക്കു പോയാൽ ഉടൻ ഡോക്ടറുടെ സേവനം തേടണം.
∙ കോവിഡ് പോസിറ്റീവായി കഴിയുന്നവർ ധാരാളം വെള്ളം കുടിക്കണം. മൂക്കിലും നെഞ്ചിലും ആവി പിടിക്കുന്നത് നല്ലതാണ്.
∙ കോവിഡ് ബാധിതർക്കും കോവിഡ് മാറിയവർക്കും ഉന്മേഷക്കുറവ്, ക്ഷീണം, തളർച്ച, മടുപ്പ്, അധ്വാനമുള്ള ജോലികൾ ചെയ്യാനുള്ള ബുദ്ധിമുട്ട് എന്നിവ കണ്ടേക്കാം. ഒരുമാസം വരെ ഈ അവസ്ഥ തുടരാം. ഇത് വൈറസിനോടുള്ള ശരീരത്തിന്റെ പ്രതികരണത്തിന്റെ ഭാഗമാണ്.