
കട്ടപ്പന: ഏലക്ക ഇ-ലേലം മുടങ്ങിയതോടെ ഏലക്ക വിറ്റഴിക്കാന്‍ കഴിയാതെ കര്‍ഷകര്‍ പ്രതിസന്ധിയിലേക്ക്. കലക്ഷന്‍ ഡിപ്പോകള്‍ തുറക്കാത്തതും പ്രതിസന്ധിയാകുന്നു. കോവിഡ് രണ്ടാം തരംഗം ശക്തമായതോടെ പുറ്റടി സ്‌പൈസസ് പാര്‍ക്കിലും തമിഴ്‌നാട്ടിലെ ബോഡിനായ്ക്കനൂര്‍ എന്നിവിടങ്ങളില്‍ ഏലക്കയുടെ ഇ-ലേലം മുടങ്ങി. ഈ മാസം ഒന്നിനാണ് അവസാനമായി ലേലം നടന്നത്. കോവിഡ് വ്യാപനത്തെതുടര്‍ന്ന് ലേല ഏജന്‍സികള്‍ ലേലം ഒഴിവാക്കുകയായിരുന്നു. ഇന്നലെയും ലേലം നടന്നില്ല. ലേല ഏജന്‍സികള്‍ കര്‍ഷകരില്‍നിന്ന് ഏലക്ക സംഭരിക്കുന്ന കലക്ഷന്‍ ഡിപ്പോകള്‍ തുറക്കാന്‍ കഴിയാത്തതാണ് തുടര്‍ച്ചയായി ലേലങ്ങള്‍ മുടങ്ങാന്‍ കാരണം. ഇ-ലേലം മുടങ്ങിയതോടെ ഏലത്തിന്റെ വില കുത്തനെ ഇടിഞ്ഞു. ശരാശരി വില 860 രൂപയിലേക്ക് കൂപ്പുകുത്തി. കഴിഞ്ഞ ഒന്നിന് നടന്ന കാര്‍ഡമം ഗ്രോവേഴ്‌സ് ഫോറെവര്‍ കമ്പനിയുടെ ലേലത്തിലാണ് ശരാശരി വില 861 രൂപയിലേക്ക് താഴ്ന്നത്. ആഴ്ചയില്‍ മൂന്നുദിവസം പുറ്റടിയിലും മൂന്നുദിവസം തമിഴ്‌നാട്ടിലെ ബോഡിനായ്ക്കന്നൂരിലുമായിട്ടാണ് ഇ-ലേലം നടക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത് ബോഡിനായ്ക്കന്നൂരില്‍ മാത്രമാക്കി ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്‌പൈസസ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ബോര്‍ഡ് സെക്രട്ടറിക്ക് കത്ത് നല്‍കിയത് അടുത്തിടെ വിവാദമായിരുന്നു. അതോടെ ഡീന്‍ കുര്യാക്കോസ് എം.പി പുറ്റടിയിലെ ലേലം നിര്‍ത്തരുതെന്ന് സ്‌പൈസസ് ബോര്‍ഡ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷവും കോവിഡ് ലോകഡൗണ്‍ പ്രഖ്യാപിച്ചതോടെ ഏലക്ക ലേലം നിര്‍ത്തിവച്ചിരുന്നു. വില ഇടിഞ്ഞ സാഹചര്യത്തില്‍ ഏലക്ക വാങ്ങാന്‍ വ്യാപാരികളും മടിക്കുകയാണ്. വാങ്ങിയാലും വിറ്റഴിക്കാന്‍ മാര്‍ഗമില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഇതോടെ ഏലക്ക വിറ്റഴിക്കാന്‍ മാര്‍ഗമില്ലാതെ കര്‍ഷകര്‍ വലിയ പ്രതിസന്ധി നേരിടുകയാണ്.