ദേവികുളം നിയമസഭാ മണ്ഡലത്തിലെ ഇടതു സ്ഥാനാർഥി എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കി

യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ഡി കുമാറിൻ്റെ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. സംവരണ സീറ്റിൽ മത്സരിക്കാൻ രാജയ്ക്ക് യോഗ്യത ഇല്ലെന്ന വാദം കോടതി അംഗീകരിച്ചു. 2021 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം ടിക്കറ്റിലാണ് എ രാജ മത്സരിച്ചു ജയിച്ചത്.
പട്ടികജാതി സംവരണ മണ്ഡലമായിരുന്ന ദേവികുളത്ത് മത്സരിച്ച സിപിഎമ്മിലെ എ രാജയുടെ ജാതി സർട്ടിഫിക്കറ്റ് സംബന്ധിച്ചു തർക്കം നിലനിന്നിരുന്നു. വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് രാജ മണ്ഡലത്തിൽ മത്സരിച്ചു ജയിച്ചതെന്ന് ആരോപിച്ചാണ് യുഡിഎഫ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ക്രൈസ്തവ സഭാംഗങ്ങളുടെ മകനാണ് രാജയെന്നും ഭാര്യയും മക്കളും സഹോദരങ്ങളും ക്രൈസ്തവ വിശ്വാസം തുടരുന്നവരാണെന്നുമായിരുന്നു യുഡിഎഫ് ഹർജിയിൽ പറഞ്ഞിരുന്നത്. എന്നാൽ ഇക്കാര്യം മറച്ചുവെച്ചു വ്യാജ ജാതി സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചു മത്സരിച്ചുവെന്നായിരുന്നു രാജയ്‍ക്കെതിരായ ആരോപണം.









































































