സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം സ്വാഭാവികം: വയനാട് കളക്ടറായി ചുമതലയേറ്റ് രേണു രാജ്
കല്‍പ്പറ്റ: വയനാട് ജില്ലാ കളക്ടറായി ചുമതലയേറ്റ് ഡോ.രേണു രാജ്. രേണു രാജിനെ കളക്ടറേറ്റിലെ ജീവനക്കാർ സ്വീകരിച്ചു. ബ്രഹ്മപുരം വിവാദത്തിനിടെയാണ് രേണു രാജിനെ എറണാകുളത്ത് നിന്ന് വയനാട്ടിലേക്ക് സ്ഥലം മാറ്റിയത്. സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം സ്വാഭാവികം മാത്രമാണെന്ന് രേണു രാജ് പറഞ്ഞു. ഒരു കളക്ടർ എന്ന നിലയിൽ ബ്രഹ്മപുരം വിഷയത്തിൽ തനിക്ക് കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ട്. വയനാട് കളക്ടറായി ചുമതലയേൽക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും രേണു രാജ് കൂട്ടിച്ചേർത്തു.
എറണാകുളം കളക്ടർ സ്ഥാനത്ത് നിന്ന് സ്ഥലം മാറ്റിയ രേണു രാജ് പുതിയ കളക്ടർക്ക് ചുമതല കൈമാറുന്ന ചടങ്ങിലും യാത്രയയപ്പ് ചടങ്ങിലും പങ്കെടുത്തിരുന്നില്ല. ചുമതല കൈമാറാൻ വരുമെന്ന് അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷം പിൻമാറുകയായിരുന്നു.
വിവിധ ജില്ലകളിലെ കളക്ടർമാരെയും സ്ഥലം മാറ്റിയിരുന്നു. ബ്രഹ്മപുരം വിഷയം രൂക്ഷമായി തുടരുന്നതിനിടെയുള്ള സ്ഥലം മാറ്റം ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു.