ടൗൺ ശൂന്യമായി, കേന്ദ്രസേന രംഗത്തിറങ്ങി; ഇടുക്കി ലോക്ക്ഡ്…
കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നലെ മുതൽ പ്രഖ്യാപിച്ച മിനി ലോക്ഡൗൺ ജില്ലയിൽ പൂർണം. അത്യാവശ്യ കാരണങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങിയില്ല. ടൗണുകളും റോഡുകളും വിനോദ സഞ്ചാര കേന്ദ്രങ്ങളും ആളൊഴിഞ്ഞു കിടന്നു. പൊലീസും ആരോഗ്യവകുപ്പും കർശന പരിശോധന നടത്തി. നിയന്ത്രണങ്ങൾ ഞായർ വരെ തുടരും. ജില്ലയിലെ വിവിധ മേഖലകളിലെ അവസ്ഥ ഇങ്ങനെ
കുമളി
കുമളി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ജെ.എസ്.സജീവ് കുമാർ, എസ്ഐ എൻ.ഡി.അഭിലാഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് പട്രോളിങ് ശക്തമായിരുന്നു. കണ്ടെയ്ൻമെന്റ് സോണുകളിൽ ആരും കറങ്ങി നടക്കുന്നില്ലെന്ന് ഉറപ്പാക്കി. സ്റ്റേഷൻ പരിധിയിൽ വിവിധ പ്രദേശങ്ങളിലും പൊലീസിനെ വിന്യസിച്ചു. വാഹനങ്ങളെല്ലാം പരിശോധിച്ച ശേഷമാണു കടത്തിവിടുന്നത്. ജനങ്ങൾ നിയന്ത്രണങ്ങളോടു സഹകരിക്കുന്നുണ്ടെന്നു പൊലീസ് പറഞ്ഞു.
മൂലമറ്റം
ടൗൺ ശൂന്യമായി. കേന്ദ്രസേന രംഗത്തിറങ്ങിയിരുന്നു. ആവശ്യമില്ലാതെ റോഡിലിറങ്ങിയവർക്കെതിരെ കേസെടുത്തു. പെൻഷൻ വിതരണം നടക്കുന്നതിനാൽ ട്രഷറികളിൽ സാമാന്യം ആളെത്തി. ഓഫിസുകൾ പ്രവർത്തിച്ചു. ഹോട്ടൽ സൗകര്യങ്ങളില്ലാത്തതിനാൽ തനിച്ചു താമസിച്ചിരുന്നവരും അതിഥിത്തൊഴിലാളികളും ഉൾപ്പെടെ പലരും ദുരിതത്തിലായി. വാഹനങ്ങൾ പരിശോധിച്ച്, അനാവശ്യമായി റോഡിലിറങ്ങിയവരെ മടക്കി അയച്ചു.
കട്ടപ്പന
കട്ടപ്പന നഗരസഭാ മേഖലയിലും സമീപ പഞ്ചായത്തുകളിലും നിരത്തുകൾ തിരക്കൊഴിഞ്ഞ നിലയിലായിരുന്നു. അവശ്യ സേവനങ്ങളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ മാത്രമാണു പ്രവർത്തിച്ചത്. ഇത്തരം സ്ഥാപനങ്ങളിലും നാമമാത്രമായ ആളുകളാണ് എത്തിയത്. പൊലീസിന്റെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ പരിശോധന നടത്തി. അനാവശ്യമായി വാഹനങ്ങളുമായി പുറത്തിറങ്ങിയ 15 പേർക്കെതിരെ കേസെടുക്കുകയും വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. മാസ്ക് ധരിക്കാത്തതിന് 125 പേർക്കെതിരെയും അകലം പാലിക്കാത്തതിനു 100 പേർക്കെതിരെയും നടപടി സ്വീകരിച്ചു.
പീരുമേട്
കുട്ടിക്കാനം, പീരുമേട്, പാമ്പനാർ, വണ്ടിപ്പെരിയാർ, ഏലപ്പാറ, വാഗമൺ എന്നിവിടങ്ങളിലെല്ലാം പൊലീസ് നിയന്ത്രണം ശക്തിപ്പെടുത്തി. സർക്കാർ ഓഫിസുകൾ പകുതി ജീവനക്കാരുമായി പ്രവർത്തിച്ചു. എന്നാൽ ഓഫിസുകളിൽ എത്തുന്ന ആവശ്യക്കാരുടെ എണ്ണം കുറവായിരുന്നു. തോട്ടങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു പണികൾ നടന്നു.
തൊടുപുഴ
നഗരത്തിലും സമീപ പ്രദേശങ്ങളിലും പലചരക്ക്, പച്ചക്കറി, ബേക്കറി, സ്പെയർ പാർട്സ് കടകൾ തുടങ്ങിയവ മാത്രമാണ് പ്രവർത്തിച്ചത്. ചുരുക്കം ഹോട്ടലുകൾ തുറന്നു. സർക്കാർ ഓഫിസുകൾ തുറന്നെങ്കിലും കുറച്ചു ജീവനക്കാർ മാത്രമാണെത്തിയത്. സ്വകാര്യ സ്ഥാപനങ്ങളും പരിമിതമായി മാത്രമാണു പ്രവർത്തിച്ചത്. ഓട്ടോകളും ടാക്സികളും ആശുപത്രി ഉൾപ്പെടെ ഉള്ള അത്യാവശ്യ സർവീസുകൾ മാത്രമാണ് നടത്തിയത്. സ്വകാര്യ ബസുകളും ഓടിയില്ല.
കെഎസ്ആർടിസി തിരുവനന്തപുരം, കോട്ടയം, എറണാകുളം, കട്ടപ്പന, വണ്ണപ്പുറം വഴി ചേലച്ചുവട്, വൈക്കം തുടങ്ങിയ റൂട്ടുകളിൽ സർവീസ് നടത്തി. നഗരത്തിൽ രാവിലെ മുതൽ പൊലീസ് പരിശോധന ശക്തമായിരുന്നു. അനാവശ്യമായി റോഡിൽ ഇറങ്ങിയവർക്കെതിരെ പിഴ ഈടാക്കൽ ഉൾപ്പെടെ നടപടികൾ സ്വീകരിച്ചു.