കോവിഡ് 19: ജില്ലയില്‍ ഓക്‌സിജന്‍ വിതരണത്തിന് കേന്ദ്രീകൃത സംവിധാനത്തിന് രൂപം നല്‍കി
കോവിഡിന്റെ രണ്ടാം തരംഗത്തിലെ വ്യാപനത്തില്‍ ഓക്‌സിജന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിന് സിലിണ്ടറിന്റെ തല്‍സമയ ലഭ്യത ചികിത്സാ കേന്ദ്രങ്ങളെ അറിയിക്കുന്നതിനും സമയബന്ധിതമായി ആവശ്യക്കാര്‍ക്ക്് വിതരണം ചെയ്യുന്നതിനുമുള്ള കേന്ദ്രീകൃത സംവിധാനത്തിന് ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമായി. സര്‍ക്കാര്‍ സ്വകാര്യ മേഖലയിലുള്ള ഓക്‌സിജന്‍ സിലിണ്ടറിന്റെ ലഭ്യതയും വിതരണവും ഏകോപിപ്പിക്കുന്നതിന് ജില്ലാ കലക്ടര്‍ അദ്ധ്യക്ഷനും എഡിഎം നോഡല്‍ ഓഫീസറുമായി സമിതി രൂപീകരിച്ചു. ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. അജി പി എന്‍, സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ റോജിത് മാത്യു, ബയോമെഡിക്കല്‍ എന്‍ജിനീയര്‍ രേഖാമോള്‍ പി ആര്‍ എന്നിവര്‍ അംഗങ്ങളായ സമിതിയുടെ നിരീക്ഷണത്തിലായിരിക്കും ഇനി ഓക്‌സിജന്‍ വിതരണം. സര്‍ക്കാര്‍ – സ്വകാര്യ ആശുപത്രികളിലെ ഓക്‌സിജന്‍ സിലിണ്ടറിന്റെ ലഭ്യതാ വിവരം ഇ – ജാഗ്രതാ പോര്‍ട്ടലില്‍ ലഭ്യമാക്കും. ഓക്‌സിജന്‍ സിലിണ്ടര്‍ ലഭ്യത, നിറയ്ക്കല്‍, ആവശ്യകത, വിതരണം എന്നിവയുടെ ഏകോപനം ഇനി പ്രസ്തുത ഏകീകൃത സംവിധാനം വഴിയായിരിക്കും. ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് സപ്പോര്‍ട്ട് യൂണിറ്റ് (ഡിപിഎംഎസ്‌യു) മായും സംസ്ഥാന മാനേജ്‌മെന്റ് യൂണിറ്റുമായും ദിശ, ജില്ലാ കണ്‍ട്രോള്‍ റൂം, ടെലി ഹെല്‍ത്ത് ഹെല്‍പ് ലൈന്‍, സ്വകാര്യ-സര്‍ക്കാര്‍ ആശുപത്രികളിലെ നോഡല്‍ ഓഫീസര്‍മാരുമായുള്ള ഓക്‌സിജന്‍ ലഭ്യത സംബന്ധിച്ച ഏകോപനവും ഇനി ജില്ലാ ഓക്‌സിജന്‍ മാനേജ്‌മെന്റ് സംവിധാനം വഴിയായിരിക്കും. ജില്ലയിലെ വ്യവസായ വകുപ്പ്, ഐറ്റിഐകള്‍ എന്നിവിടങ്ങളിലെ ഓക്‌സിജന്‍ സിലിണ്ടര്‍ ഏറ്റെടുക്കാനും പ്രവര്‍ത്തന ക്ഷമമാക്കി കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കാനും യോഗം തീരുമാനിച്ചു. ഓക്‌സിജന്‍ മാനേജ്‌മെന്റ് സമിതിയും ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് സമിതിയും സ്ഥിതിഗതി അവലോകനം ചെയ്ത് തത്സമയ ചികിത്സാ സൗകര്യ ലഭ്യത അറിയിക്കുവാനും അദ്ധ്യക്ഷന്‍ ജില്ലാ കലക്ടര്‍ ആരോഗ്യപ്രവര്‍ത്തകരോട് നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ അറ്റകുറ്റപ്പണിനടത്താതെയും, ഉപയോഗക്ഷമമല്ലാതെയും, സമയബന്ധിതമായി നിറച്ചുവെയ്ക്കാതെയും സൂക്ഷിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ ആശുപത്രി സൂപ്രണ്ടുമാര്‍ ഉത്തരവാദിയായിരിക്കുമെന്നും ദുരന്ത നിവാരണ സമിതി ചെയര്‍മാന്‍ മുന്നറിയിപ്പ് നല്‍കി. എഡിഎം അനില്‍കുമാര്‍ എം റ്റി, അസി. കലക്ടര്‍ സൂരജ് ഷാജി, ജില്ലാ പ്രൊജക്റ്റ് മാനേജര്‍ ഡോ. സുജിത് സുകുമാരന്‍ എന്നിവര്‍ ജില്ലാ കലക്ടറുടെ ചേമ്പറിലും, ദേവികുളം സബ് കലക്ടര്‍ പ്രേം കൃഷ്ണന്‍ സമിതി അംഗങ്ങള്‍ എന്നിവര്‍ ഓണ്‍ലൈനായും യോഗത്തില്‍ പങ്കെടുത്തു.