നെടുങ്കണ്ടം പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി സി.പി.എം
നെടുങ്കണ്ടം: കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലും പോലീസ് മനുഷ്യത്വ രഹിതമായ പെരുമാറുന്നതായും ആഭ്യന്തര വകുപ്പിനെ അപകീര്‍ത്തിപ്പെടുന്നതരത്തില്‍ പ്രവര്‍ത്തിക്കുന്നതായും സി.പി.എം നെടുങ്കണ്ടം ഏരിയ കമ്മിറ്റി ആരോപിച്ചു. കോവിഡ് ബാധിതനായി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന റെയില്‍വേ ജീവനക്കാരനായ ടി.ജി ലാലിനെ പോലീസ് മര്‍ദിച്ച സംഭവത്തെത്തുടര്‍ന്നാണ് ഗുരുതര ആരോപണങ്ങളുമായി സി.പി.എം.രംഗത്തെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച നെടുങ്കണ്ടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം പോലീസ് നടത്തിയ വാഹന പരിശോധനയില്‍ നിര്‍ത്താതെ പോയ ബൈക്കിനെ പിന്‍തുടര്‍ന്നാണ് പോലീസ് ലാലിന്റെ വീട്ടിലെത്തിയത്. ലാലിന്റെ സഹോദരന്‍ ലെനിനാണ് ബൈക്ക് ഓടിച്ചിരുന്നത്. ഹെല്‍മെറ്റില്ലെന്നാരോപിച്ച് പോലീസ് വാഹനം കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്തതിനാണ് ലാലിനെ പോലീസ് റോഡിലിട്ടും, സ്‌റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെ പോലീസ് ജീപ്പിലിട്ടും ക്രൂരമായി മര്‍ദിച്ചതെന്ന് സി.പി.എം നേതാക്കള്‍ ആരോപിച്ചു. മര്‍ദനമേറ്റ് എഴുന്നേറ്റ് നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് യുവാവിനെ നെടുങ്കണ്ടം താലൂക്കാശുപത്രിയില്‍ എത്തിച്ചത്. ഇവിടെവച്ച് നടത്തിയ ആന്റിജെന്‍ പരിശോധനയിലാണ് യുവാവിന് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. എന്നാല്‍ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന പേരില്‍ യുവാവിനെതിരെ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസെടുക്കുകയാണ് ചെയതത്. പരിക്കേറ്റ യുവാവിന് ചികിത്സ നല്‍കാനോ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാനോ പോലീസ് തയാറായില്ല. ഇത്തരത്തില്‍ നിരപരാധികളെ മര്‍ദിക്കുകയും ഇത് ചോദ്യം ചെയ്യുന്ന പൊതുപ്രവര്‍ത്തകരോട് മോശമായ ഭാഷയില്‍ സംസാരിക്കുകയും ചെയ്യുന്നത് നെടുങ്കണ്ടം പോലീസിന്റെ പതിവ് രീതിയാണെന്നും സി.പി.എം.നേതാക്കള്‍ പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കെ പെറ്റികേസുകളില്‍ ബലപ്രയോഗം പാടില്ലെന്ന സര്‍ക്കാര്‍ നിര്‍ദേശം നിലനില്‍ക്കെയാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുന്നത്. കോവിഡ് രോഗിയുമായി സമ്പര്‍ക്കമുണ്ടായ പോലീസുകാര്‍ നിരീക്ഷണത്തിലിരിക്കാന്‍ പോലും ഇതുവരെ തയാറായിട്ടില്ല. രാജ്കുമാര്‍ കസ്റ്റഡി മരണത്തിലൂടെ കുപ്രസിദ്ധി നേടിയ നെടുങ്കണ്ടം പോലീസ് വീണ്ടും ജനങ്ങളുടെ പേടി സ്വപ്നമായി മാറിയിരിക്കുകയാണ്. സര്‍ക്കാരിന്റെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും നിര്‍ദേശങ്ങള്‍ പാലിക്കാത്ത നെടുങ്കണ്ടത്തെ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സി.പി.എം മുന്നോട്ട് പോകുമെന്നും നേതാക്കളായ ടി.എം.ജോണ്‍, എന്‍.കെ.ഗോപിനാഥന്‍, രമേശ് കൃഷ്ണന്‍ എന്നവര്‍ അറിയിച്ചു.