ജില്ലയിൽ കർശന പൊലീസ് പരിശോധന;പൊതു ഗതാഗതം തടഞ്ഞ് പരിശോധന നടത്തും. വാഹനങ്ങളിൽ അധികം ആളുകൾ കയറിയാൽ പിഴ
ഓട്ടോറിക്ഷയിൽ 3 പേർക്കും ജീപ്പിൽ 7 പേർക്കും മാത്രമാണ് യാത്രാനുമതി
നെടുങ്കണ്ടം ∙ കോവിഡ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന സാഹചര്യത്തിൽ ജില്ലയിൽ കർശന പൊലീസ് പരിശോധന. പൊതു ഗതാഗതം തടഞ്ഞ് പരിശോധന നടത്താനാണ് ജില്ല പൊലീസിനു ലഭിച്ചിരിക്കുന്ന നിർദേശം. കോവിഡ് വ്യാപനം ജില്ലയിൽ രൂക്ഷമായതോടെയാണ് വാഹനം തടഞ്ഞുള്ള പരിശോധന കർശനമാക്കിയത്. വാഹനങ്ങളിൽ യാത്രക്കാർ സർക്കാർ നിർദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ ലംഘിച്ചാൽ നടപടി സ്വീകരിക്കാനാണ് സർക്കാർ ഉത്തരവ്.
ഇന്നലെ മുതൽ കുമളി മൂന്നാർ സംസ്ഥാന പാതയിൽ നെടുങ്കണ്ടം മേഖല കേന്ദ്രീകരിച്ച് പൊലീസ് ഗതാഗതം തടഞ്ഞ് പരിശോധന ആരംഭിച്ചു. ഇരുചക്രവാഹന യാത്രക്കാരെയും, ഓട്ടോറിക്ഷ, ജീപ്പ്, ബസ് വാഹനങ്ങളിലാണ് പരിശോധന നടന്നത്. ഓട്ടോറിക്ഷയിൽ 3 പേർക്കും ജീപ്പിൽ 7 പേർക്കും മാത്രമാണ് യാത്രാനുമതി. വാഹനങ്ങളിൽ അധികം ആളുകൾ കയറിയാൽ പിഴ ചുമത്താനാണു പൊലീസിനു ലഭിച്ചിരിക്കുന്ന നിർദേശം. ഹെൽമറ്റ് വയ്ക്കാതെ യാത്ര ചെയ്യുന്നവർ, മാസ്ക് ധരിക്കാത്തവർ,
അനാവശ്യമായി ടൗണിൽ കൂടുതൽ പേർ തമ്പടിക്കുക എന്നിങ്ങനെയുള്ള നിയമ ലംഘനം നടത്തുന്നവരെ കണ്ടെത്താനാണു പരിശോധന. കേരള, തമിഴ്നാട് അതിർത്തി മേഖല കേന്ദ്രീകരിച്ചാണ് പരിശോധന കാര്യക്ഷമമാക്കിയത്. കമ്പംമെട്ട്, നെടുങ്കണ്ടം, ഉടുമ്പൻചോല പൊലീസ് സ്റ്റേഷനുകളുടെ കീഴിൽ പട്രോളിങ് നടത്താൻ പ്രത്യേക സംഘത്തിനു രൂപം നൽകി. അതിർത്തിയിലൂടെ തൊഴിലാളികൾ അനധികൃതമായി എത്തുന്നതായി വിവരം ലഭിച്ച സാഹചര്യത്തിലാണ് പരിശോധന ഊർജിതമാക്കിയത്.