സംസ്ഥാനത്തിന് കോവിഷീല്‍ഡ് കിട്ടാന്‍ 3മാസം..? സ്വകാര്യാശുപത്രികള്‍ക്കും പ്രതിസന്ധി.
കോവിഷീൽഡ് വാക്സീൻ നേരിട്ട് ലഭ്യമാകാൻ സംസ്ഥാനം മൂന്നുമാസംവരെ കാത്തിരിക്കേണ്ടിവന്നേക്കും. സീറം ഇൻസ്റ്റിറ്റ്യൂട്ട് പ്ലാന്‍റില്‍ നിലവിൽ ഉൽപാദനത്തിലുള്ളത് രണ്ടാംഘട്ട കരാർ പ്രകാരം കേന്ദ്ര സർക്കാരിനു നൽകേണ്ട 11 കോടി ഡോസ് വാക്സീനാണ് എന്നതാണ് പ്രധാന കാരണം. മാസം ആറുകോടി ഡോസ് വാക്സീൻ മാത്രമാണ് നിലവിലെ ഉൽപാദനശേഷി. കമ്പനികളിൽ നിന്നു നേരിട്ടു വാക്സീൻ വാങ്ങാൻ ശ്രമിക്കുന്ന സ്വകാര്യ ആശുപത്രികൾക്കും ഈ കാലതാമസം നേരിടേണ്ടി വന്നേക്കും.
സംസ്ഥാനത്തെ 18 മുതൽ 45 വയസു വരെയുള്ളവർക്ക് സൗജന്യ വിതരണത്തിനായി 70 ലക്ഷം ഡോസ് സീറം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് വാങ്ങാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. നിലവിലെ അവസ്ഥയിൽ ഇതിന് ഓഗസ്റ്റ് ആദ്യ വാരം വരെ കാത്തിരിക്കേണ്ടി വന്നേക്കാമെന്നാണു സൂചന. ഓഗസ്റ്റിലും ആവശ്യപ്പെട്ടതിൽ ചെറിയൊരു ശതമാനം മാത്രമേ ആദ്യഘട്ടത്തിൽ ലഭിക്കാനും സാധ്യതയുള്ളൂ. കേന്ദ്രത്തിന് നൽകാനുള്ള 11 കോടി ഡോസ് വാക്സീൻറെ ഉൽപാദനമാണ് സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ ഇപ്പോൾ നടക്കുന്നത്. സംസ്ഥാനങ്ങൾക്കു നൽകാനുള്ള വാക്സീന്റെ ഉത്പാദനം ആരംഭിക്കാനിരിക്കുന്നതേ ഉള്ളൂ എന്നതാണ് കാലതാമസത്തിനുകാരണം. പുതുതായി നിർമിക്കുന്ന ഓരോ ബാച്ച് വാക്സീന്റെയും സാംപിളുകൾ ഹിമാചൽ പ്രദേശിലെ കസൗലി സെൻട്രൽ ഡ്രഗ്സ് ലാബോറട്ടറിയിൽ(സിഡിഎൽ) ഗുണനിലവാര പരിശോധന നടത്തി അംഗീകാരം ലഭിച്ചാലേ വിതരണം ചെയ്യാനാകൂ. ഈ പ്രക്രിയ പൂർത്തിയാക്കാനും ഒന്നര മാസത്തോളം സമയമെടുക്കും. മേയ് അവസാനത്തോടെ പ്രതിമാസഉൽപാദനം സീറം ഇൻസ്റ്റിറ്റ്യൂട്ട് 10 കോടിയായി ഉയർത്തിയാലും കാലതാമസം ഏതാണ്ട് ഇത്ര തന്നെ ഉണ്ടാകും. ഇതിൽത്തന്നെ പകുതി കേന്ദ്രത്തിനു നൽകണം.
മുൻഗണാക്രമം, എത്ര ഡോസുകൾ എപ്പോഴെക്കെ നൽകാം എന്നത് തീരുമാനിക്കാനുള്ള സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രതിമാസ അവലോകന യോഗം നടക്കാനിരിക്കുന്നേയുള്ളൂ.
ഭാരത് ബയോടെക്കിൻറെ ഉൽപാദനശേഷി ഇതിലും വളരെയധികം കുറവാണ്. അതുകൊണ്ടു തന്നെ കോവാക്സീൻ ലഭ്യമാക്കി ഇൗ കുറവ് പരിഹരിക്കുക എന്നതും ശ്രമകരമാണ്. നാളെ മുതൽ ഇറക്കുമതി ചെയ്യുന്ന, വിദേശവിപണിയിൽ ഡോസിന് 700രൂപ വിലയുള്ള സ്പുട്നിക് വാക്സീൻ വാങ്ങുന്നത് പ്രായോഗികമാണോ എന്നും സംസ്ഥാന സർക്കാർ ആലോചിക്കേണ്ടിവരും.