തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ ഇസ്രായേലി സംഘം; ഇന്ത്യയും ഉൾപ്പെട്ടതായി ‘ദ ഗാർഡിയൻ’ റിപ്പോർട്ട്

ദില്ലി: സോഷ്യൽ മീഡിയയുടെ മറവിൽ നിരവധി രാജ്യങ്ങളിൽ അട്ടിമറികളും വ്യാജപ്രചാരണങ്ങളും നടത്തുന്ന ഇസ്രയേൽ സംഘത്തിന്‍റെ വിശദാംശങ്ങൾ പുറത്ത്. ആറ് മാസം നീണ്ട അന്വേഷണത്തിനൊടുവിൽ ബ്രിട്ടീഷ് പത്രമായ ‘ദി ഗാർഡിയൻ’ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഈ സംഘം ഇന്ത്യയിലും പ്രവർത്തിച്ചിട്ടുള്ളതായി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.
30 രാജ്യങ്ങളിലെ തിരഞ്ഞെടുപ്പ് കൃത്രിമങ്ങളിലൂടെ അട്ടിമറിച്ചു. വൻകിട കമ്പനികൾക്ക് വേണ്ടി പലരെയും വിവാദങ്ങളിൽ അകപ്പെടുത്തി. ലക്ഷക്കണക്കിനു വ്യാജ അക്കൗണ്ടുകൾ വഴി നുണ പ്രചരിപ്പിച്ചു. ട്വിറ്റർ, യൂട്യൂബ്, ജിമെയിൽ, ലിങ്ക്ഡ്ഇൻ, ഫെയ്സ്ബുക്ക് എന്നിവ ഉപയോഗിച്ചാണ് പ്രചാരണം. പണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഈ സംഘം ഹൊഹേ എന്നാണറിയപ്പെടുന്നത്. അയ്യായിരത്തോളം ബോട്ടുകൾ പ്രത്യേക സോഫ്റ്റ് വെയർ വഴി നിർമ്മിച്ചായിരുന്നു പ്രവർത്തനം.
റേഡിയോ ഫ്രാൻസ് എന്ന മാധ്യമ സ്ഥാപനത്തിലെ മൂന്ന് മാധ്യമപ്രവർത്തകർ ഒരു ആഫ്രിക്കൻ രാജ്യത്ത് തിരഞ്ഞെടുപ്പ് വൈകിപ്പിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഹോഹെയെ സമീപിക്കുകയും പ്രചാരണത്തിനായി എങ്ങനെയാണ് വ്യാജ അക്കൗണ്ടുകൾ ഉപയോഗിക്കുന്നതെന്ന് സംഘത്തിന്‍റെ തലവനായ ത്അൽ ഹനാൻ തന്നെ വിശദീകരിക്കുന്നത് ഈ സംഘം ഒളിക്യാമറയിൽ പകർത്തുകയും ചെയ്തു. ലോക രാജ്യങ്ങളിലെ 33 തെരഞ്ഞെടുപ്പുകളിൽ ഇടപെട്ടിട്ടുണ്ടെന്നും 27 ഇടത്ത് ലക്ഷ്യം പൂർത്തിയാക്കിയെന്നും ത്അൽ ഹനാൻ അവകാശപ്പെടുന്നു.









































































