എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ ജീവനോടെയുണ്ട്; അവകാശവാദവുമായി പി നെടുമാരന്‍

തഞ്ചാവൂര്‍: എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടെന്ന് അവകാശപ്പെട്ട് തമിഴ് നാഷണലിസ്റ്റ് മൂവ്മെന്‍റ് നേതാവ് പി നെടുമാരൻ. വേലുപ്പിള്ള പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടെന്നും ശരിയായ സമയത്ത് ജനങ്ങൾക്ക് മുന്നിലേക്കെത്തുമെന്നും നെടുമാരൻ പറഞ്ഞു.
പ്രഭാകരനുമായും കുടുംബവുമായും തൻ്റെ കുടുംബം ബന്ധം തുടരുന്നുണ്ടെന്നാണ് നെടുമാരന്‍റെ അവകാശവാദം. എന്നാൽ പ്രഭാകരൻ എവിടെയാണെന്ന് ഇപ്പോൾ പറയാനാകില്ലെന്നും നെടുമാരൻ വിശദീകരിച്ചു. പ്രഭാകരന്‍റെ കുടുംബാംഗങ്ങളുടെ അനുമതിയോടെയാണ് വെളിപ്പെടുത്തൽ നടത്തിയതെന്ന് നെടുമാരൻ വ്യക്തമാക്കി. പ്രഭാകരൻ തമിഴ് ഇഴം സംബന്ധിച്ചുള്ള പദ്ധതി ശരിയായ സമയത്ത് വിശദീകരിക്കുമെന്നും നെടുമാരൻ അവകാശപ്പെടുന്നു.
2009 മെയ് 18 ന് വേലുപ്പിള്ള പ്രഭാകരൻ കൊല്ലപ്പെട്ടതായി ശ്രീലങ്കൻ സൈന്യം വ്യക്തമാക്കിയിരുന്നു. വേലുപ്പിള്ള പ്രഭാകരന്‍റെ മൃതദേഹം മുൻ സഹപ്രവർത്തകൻ മുരളീധരൻ തിരിച്ചറിഞ്ഞതായി കാണിച്ച് മെയ് 19 നു ശ്രീലങ്കൻ സൈന്യം അദ്ദേഹത്തിന്‍റെ മൃതദേഹത്തിന്‍റെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.
















































































































