അലർജി രോഗത്തെ തുടർന്ന് ചികിത്സയിലിരുന്ന വിദ്യാർത്ഥിനി മരണപ്പെട്ടു
അലർജി രോഗത്തെ തുടർന്ന് ചികിത്സയിലിരുന്ന വിദ്യാർത്ഥിനി മരണപ്പെട്ടു. ചെറുതോണി താന്നിക്കണ്ടം സ്വദേശിയായ വെളിയത്തുമാരിയിൽ സിജുവിന്റെ മകൾ നയൻ മരിയയാണ് മരണപ്പെട്ടത്. വാഴത്തോപ്പ് സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ ബിയോളജി സയൻസ് വിദ്യാർത്ഥിനിയാണ് മരണപ്പെട്ട നയൻ മരിയ. ഇന്ന് ഉച്ചയോടെ ആയിരുന്നു മരണം സംഭവിച്ചത്. മൈദ, ഗോതമ്പ് എന്നിവ അലർജിയായിരുന്ന കുട്ടി ദീർഘനാളായി ചികിത്സയിലായിരുന്നു. രോഗം ഭേദമായതിനെ തുടർന്ന് കുട്ടിക്ക് ചെറിയതോതിൽ ഭക്ഷണങ്ങൾ നൽകാൻ ഡോക്ടർ നിർദ്ദേശിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഭക്ഷണം കഴിച്ചപ്പോൾ കുട്ടിക്ക് കാര്യമായ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഇന്നലെ പൊറോട്ട കഴിച്ചപ്പോൾ നയൻ മരിയ കുഴഞ്ഞു വീഴുകയും ആരോഗ്യനില മോശമാവുകയും ചെയ്തു. ഉടൻതന്നെ കുട്ടിയെ ഇടുക്കി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തീർത്തും മോശമായതിനെ തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് മരിയയുടെ ജീവൻ നിലനിർത്തിയിരുന്നത്. ഇന്ന് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.