ധനശേഖറിന്റെ തിരോധാനത്തില്‍ ദുരൂഹത; ഭാര്യയെ അടക്കം ചോദ്യം ചെയ്തു.
ഇടുക്കി മൂന്നാറിലെ തോട്ടം തൊഴിലാളിയുടെ തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കുടുംബം. മുപ്പത്തിയാറുകാരനായ ധനശേഖറിന് അപായം സംഭവിച്ചതായി സംശയമുണ്ടെന്നും ഇകാര്യം അന്വേഷിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. തൊഴിലാളികള്‍ക്ക് ചായ വാങ്ങാന്‍ പോയ ധനശേഖറിനെ കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് കാണാതായത്.
കണ്ണൻ ദേവൻ കമ്പനിയുടെ കടലാർ തേയിലത്തോട്ടത്തിലെ തൊഴിലാളിയാണ് ധനശേഖര്‍. തോട്ടത്തില്‍ മരുന്ന് തളിച്ചിരുന്ന തൊഴിലാളികൾക്ക് ചായ വാങ്ങാൻ ചൊവ്വാഴ്ച്ച രാവിലെ 9.15 ന് പോയ ധനശേഖറിനെ പിന്നീട് കാണാതാവുകയായിരുന്നു. പുലിയുടെ ആക്രമണമാകാം എന്ന സംശയത്തിൽ തോട്ടം തൊഴിലാളികളും പൊലീസും വനം വാച്ചർമാരും ദിവസങ്ങളോളം പ്രദേശത്ത് തെരച്ചിൽ നടത്തി. ഒടുവില്‍ ഡ്രോൺ പറത്തി പരിശോധന നടത്തിയിട്ടും ഫലമുണ്ടായില്ല. ധനശേഖര്‍ വീട്ടില്‍ നിന്ന് മാറി നില്‍കുന്നയാളല്ലെന്നും തിരോധാനത്തെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.
ധനശേഖറിന്റെ ഭാര്യ ഗീത ഉൾപ്പെടെ പതിനഞ്ചോളം പേരെ പൊലീസ് ചോദ്യം ചെയ്തു. ഇതിൽ ധനശേഖറിനൊപ്പം ജോലി ചെയ്തിരുന്ന 3 പേരെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. ഭാര്യാമാതാവ് ഹൃദയമേരിയെ ആണ് ഇയാൾ അവസാനമായി ഫോണിൽ വിളിച്ചത്. സംസാരത്തിനിടെ ഇയാൾ സഹായം അഭ്യർഥിക്കും പോലെ മറ്റൊരാളെ ഉച്ചത്തിൽ വിളിക്കുന്നതായും വിസിലടി ശബ്ദം കേട്ടതായും തുടർന്ന് ഫോണ്‍ കട്ടായെന്നും ഹൃദയമേരി പൊലീസിന് നൽകിയ മൊഴിയില്‍ പറയുന്നുണ്ട്. എസ്റ്റേറ്റിലെ മരുന്ന് മോഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് മൂലം ധനശേഖര്‍ ഒളിവിൽ പോയതാകാമെന്ന സംശയവും പൊലീസിനുണ്ട്. മൊബൈല്‍ ഫോണ്‍ എടുക്കാതെയാണ് ധനശേഖര്‍ പോയത്. അതിനാല്‍ ഈ രീതിയിലുള്ള അന്വേഷണം സാധ്യമല്ല. സിസിടിവികള്‍ പരിശോധിച്ചെങ്കിലും സൂചനകള്‍ ലഭിച്ചിട്ടില്ല.