ഇടുക്കി മൂന്നാറിൽ മദ്യപാനത്തിനിടെ സുഹൃത്തിന്റെ മർദനമേറ്റു ഹോട്ടൽ തൊഴിലാളി മരിച്ചു


ഇടുക്കി മൂന്നാറിൽ മദ്യപാനത്തിനിടെ സുഹൃത്തിന്റെ മർദനമേറ്റു ചികിത്സയിലായിരുന്ന ഹോട്ടൽ തൊഴിലാളി മരിച്ചു. മാങ്കുളം ആനക്കുളത്തെ ഹോട്ടലിൽ ജീവനക്കാരനായിരുന്നു അറുപത്തിയഞ്ചുകാരനായ ജോയിയാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കേസിൽ പ്രതിയായ സുഹൃത്ത് റിമാൻ്റിലാണ്.
കഴിഞ്ഞ ബുധനാഴ്ച സുഹൃത്തുക്കളായ വിനോദും ജോയിയും തമ്മിൽ അടിപിടിയുണ്ടായി. വിനോദിന്റെ വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടയിൽ ജോയി വിനോദിന്റെ അമ്മയോട് അസഭ്യം പറഞ്ഞു. ഇതിൽ പ്രകോപിതനായ വിനോദ് ജോയിയെ ക്രൂരമായി മർദിച്ചു. മർദനത്തിൽ ഇയാളുടെ വാരിയെല്ലുകൾ ഒടിഞ്ഞു. അബോധാവസ്ഥയിൽ വിനോദിന്റെ വീട്ടിൽ കിടന്ന ജോയിയെ പൊലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. തുടർന്ന് വിനോദിനെ മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തിതിരുന്നു. ഇയാൾ ദേവികുളം ജയിലിൽ റിമാൻഡിലാണ്. വാരിയെല്ലുകൾക്ക് ഗുരുതരമായി പരുക്കേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയിലിരിക്കെയാണ് ജോയി മരിച്ചത്. മൂന്നാർ സിഐയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം പരിശോധനകൾക്കു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.