കരുണാപുരം പഞ്ചായത്തില്‍ കോവിഡ് രോഗവ്യാപനം തടയാന്‍ അടിയന്തര സര്‍വകക്ഷി യോഗം
നെടുങ്കണ്ടം: കരുണാപുരം പഞ്ചായത്തില്‍ കോവിഡ് രോഗവ്യാപനം തടയാന്‍ അടിയന്തര സര്‍വകക്ഷി യോഗം ചേര്‍ന്നു. പഞ്ചായത്തില്‍ ഒരു ദിവസം തന്നെ 50 കോവിഡ് പോസിറ്റീവ് കേസുകള്‍ റിപോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് യോഗം ചേര്‍ന്നത്. ആരോഗ്യവകുപ്പ്, കരുണാപുരം പഞ്ചായത്ത്, പോലീസ്, പൊതുപ്രവര്‍ത്തകര്‍ എന്നിവരുടെ സംയുക്ത നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. തിങ്കളാഴ്ച മുതല്‍ കരുണാപുരം പഞ്ചായത്ത് പ്രാഥമിക ആരോഗ്യകേന്ദ്രം വഴി ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകള്‍ നടത്തും. വെള്ളിയാഴ്ച കമ്പംമെട്ടില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തും. രോഗവ്യാപനം രൂക്ഷമായ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് ആന്റിജന്‍ ടെസ്റ്റ് നടത്തുന്നത്. പോലീസ് പരിശോധന കര്‍ശനമാക്കും. നിയമ ലംഘനം നടന്നാല്‍ പോലീസ് കേസെടുക്കും. കല്യാണം, മറ്റ് ചടങ്ങുകളില്‍ ജനങ്ങളുടെ എണ്ണം കുറയ്ക്കണം. ആരാധനാലയങ്ങള്‍, സമുദായ സംഘടനകള്‍ എന്നിവയ്ക്ക് പരിപാടികള്‍ നടത്തുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കും. അയല്‍കൂട്ട യോഗങ്ങള്‍ മേയ് 15 വരെ പഞ്ചായത്തില്‍ നടത്താന്‍ പാടില്ല. എന്നീ തീരുമാനങ്ങളാണ് സര്‍വകക്ഷി യോഗത്തിലെടുത്തത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പൊതു പ്രവര്‍ത്തകരില്‍ നിന്നും 50 പേരെ തെരഞ്ഞെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് വിന്‍സി വാവച്ചന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.സാലി, സെക്രട്ടറി സുനില്‍ സെബാസ്റ്റിയന്‍, സ്ഥിരം സമിതി ചെയര്‍മാരായ വി.സി.അനില്‍, റാബി സിദിഖ്, മെഡിക്കല്‍ ഓഫിസര്‍ വിനീത സൈമണ്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മിനി പ്രിന്‍സ്, മാത്തുക്കുട്ടി മറ്റപ്പള്ളി, ജെയ്‌മോന്‍, സി.എം.ബാലകൃഷ്ണന്‍, ബൈജു എന്നിവര്‍ പ്രസംഗിച്ചു.