ചരിത്ര പ്രാധാന്യമുള്ളതും നൂറ്റാണ്ടുകൾ പഴക്കമുള്ളതുമായ വീരക്കല്ല് ഉടുമ്പൻഞ്ചോല ചതുരംഗപ്പാറയിൽ നിന്നും കണ്ടെത്തി.
ഇടുക്കി: ചരിത്ര പ്രാധാന്യമുള്ളതും നൂറ്റാണ്ടുകൾ പഴക്കമുള്ളതുമായ വീരക്കല്ല് ഉടുമ്പൻഞ്ചോല ചതുരംഗപ്പാറയിൽ നിന്നും കണ്ടെത്തി. വിജയഭേരി മുഴക്കി നിൽക്കുന്ന ആനയുടെ മുകളിലിരിക്കുന്ന വീരകഥാപാത്രമാണ് ആഭരണങ്ങളണിഞ്ഞ് വില്ലും ആയുധങ്ങളുമായി ഇവിടെ കാണപ്പെടുന്നത്. ഒരടിയോളം ഉയരമുള്ള കല്ലിലാണ് ഈ അപൂർവമായ നിർമിതി. ചതുരംഗപ്പാറയിൽ കേരള-തമിഴ്നാടിൻ്റെ അതിർത്തി മലയുടെ കിഴക്കേ അറ്റത്തുള്ള ഒരു ആൽമരത്തിന് ചുവട്ടിലാണ് പന്ത്രണ്ടാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന ഈ ശിൽപചാതുരി കാണപ്പെട്ടത്. കേരളത്തിൽ നിന്ന് മധുരൈയിലേക്കുള്ള പ്രാചീന സഞ്ചാര പാതയിൽ ചതുരംഗപ്പാറ ഭൂമിശാസ്ത്രപരമായി വളരെ പ്രധാനപ്പെട്ട ഒന്നാണ്. രണ്ടായിരം വർഷങ്ങൾക്ക് മേൽ പഴക്കമുള പുരാതനമായ വാണിജ്യ പാതയിൽ കാണുന്ന ഈ വീരക്കല്ല് ഹൈറേഞ്ചിൻ്റെ ചരിത്രത്തിലേക്കുള്ള നാഴികകല്ലാണ്. പോരാട്ടത്തില്‍ വീരമരണം പ്രാപിക്കുന്ന വീരന്മാരുടെ സ്മരണയ്ക്കായി നാട്ടുന്ന കല്ലുകള്‍ എന്നാണ് വീരക്കല്ലുകളെ കുറിച്ച് പറയപ്പെടുന്നത്. പുരാവസ്തു ചരിത്ര സമിതിയംഗവും ഫോക് ലോർ ചരിത്ര ഗവേഷകനുമായ ഡോ.രാജീവ് പുലിയൂരിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വീരകല്ല് കണ്ടെത്തിയത്.