അതിർത്തി കടന്നെത്തിയ രണ്ടുപേർക്ക് കോവിഡ് : അഞ്ചുനാട്ടിൽ പരിശോധന കർശനമാക്കി
ചിന്നാർ കരിമുട്ടി ചെക്ക് പോസ്റ്റിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ആന്റിജൻ പരിശോധന
മറയൂർ: അഞ്ചുനാട്ടിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കർശനമാക്കി ആരോഗ്യ, പോലീസ് വകുപ്പുകൾ. കേരള-തമിഴ്‌നാട് അതിർത്തി പ്രദേശമായ ചിന്നാർ ചെക്ക് പോസ്റ്റിൽകൂടി കടന്നുവരുന്നവരെ കരിമുട്ടി ചെക്ക് പോസ്റ്റിൽ ആൻറിജൻ പരിശോധന നടത്തിയാണ് കേരളത്തിലേക്ക് കടത്തിവിടുന്നത്.
ശനിയാഴ്ച ഉദുമലൈയിൽനിന്ന് തലയാറിലേക്ക് വന്ന രണ്ടുയാത്രക്കാർക്ക് കോവിഡ് പോസിറ്റീവായി. ഇവരെ വീടുകളിൽ ക്വാറന്റീനിലാക്കി. വിഷുദിനത്തിൽ ആരംഭിച്ച ആന്റിജൻ പരിശോധനയിൽ ഇതുവരെ 615 യാത്രക്കാരെ വിധേയരാക്കി.
ശനിയാഴ്ച മാത്രം 256 പേരാണ് കോവിഡ് ടെസ്റ്റിന് വിധേയരായത്. ഏപ്രിൽ 14-ന് ശേഷം മാത്രം മാസ്ക് ധരിക്കാതെ നടന്ന നൂറിലധികം ആളുകളിൽനിന്ന് പിഴ ഈടാക്കി.
പത്തിലധികം കേസുകളും എടുത്തു. വരും ദിവസങ്ങളിൽ കർശന പരിശോധന നടത്താനും കോവിഡ് നിർദേശങ്ങൾ പാലിക്കാത്തവരുടെ പേരിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും മറയൂർ എസ്.ഐ. എം.പി.എബി പറഞ്ഞു. അഞ്ചുനാട്ടിൽ പത്തിലധികം ആളുകൾ കോവിഡ് പോസിറ്റീവായി ക്വാറന്റീനിലാണ്