നാട്ടുകാരെ ആശങ്കയിലാക്കി വീട്ടുവാതിലിൽ ചോരപ്പാടുകൾ പറ്റിയ കുറിപ്പ്; ഭിത്തിയിൽ വിരലടയാളം.
ഇടുക്കി തൊടുപുഴയിൽ നാട്ടുകാരെ ആശങ്കയിലാക്കി വീടിന്റെ വാതിലിൽ കുറിപ്പ് കണ്ടെത്തി. ചോരപ്പാടുകൾ പറ്റിയത് പോലെ തോന്നിക്കുന്ന തുണ്ടു കടലാസിൽ തയ്യാറാക്കിയ കുറിപ്പാണ് ലഭിച്ചത്. വ്യക്തിവൈരാഗ്യം മൂലം ആരെങ്കിലും ചെയ്തതാകാമെന്നും മറ്റ് ദുരൂഹതകളില്ലെന്നും പൊലീസ് പറഞ്ഞു.
തൊടുപുഴ സഹകരണ ആശുപത്രിക്ക് സമീപത്തുള്ള തച്ചേട്ട് നഗറിലെ ജി. ബിജുമോന്റെ വീടിന്റെ വാതിലിലാണ് ദുരൂഹത നിറഞ്ഞ പേപ്പർ കണ്ടത്. വാതിൽ പുറത്ത് നിന്ന് അടച്ച ശേഷം അതിൽ കുറുപ്പ് നൂലിൽ കെട്ടി തൂക്കുകയായിരുന്നു. ഭിത്തിയിൽ വിരലടയാളങ്ങളുമുണ്ട്. കത്തിൽ എന്താണ് എഴുതിയിരിക്കുന്നതെന്ന് വ്യക്തമല്ല. മൂന്ന് ദിവസം മുമ്പും സമാന രീതിയിൽ വീടിന്റെ വാതിൽ മുൻവശത്ത് നിന്ന് അടച്ചിരുന്നതായി ബിജു പറഞ്ഞു. തൊടുപുഴ പൊലീസിൽ പരാതി നൽകി.
ആരെങ്കിലും പേടിപ്പിക്കാനായി ചെയ്തതാകാമെന്നാണ് പൊലീസിന്റെ നിഗമനം. കത്തിലുള്ളത് ചോരപ്പാടുകളല്ലെന്നും, പ്രദേശത്ത് സി.സി ടി.വി കാമറ വയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും തൊടുപുഴ സി.ഐ സുധീർ മനോഹർ പറഞ്ഞു. മങ്ങാട്ടുകവലയ്ക്കടുത്ത് ലെയ്ത്ത് നടത്തുന്ന ബിജുവിന്റെ വീട്ടിൽ അമ്മയും ഭാര്യയും രണ്ട് കുട്ടികളുമാണുള്ളത്.