പ്രധാന വാര്‍ത്തകള്‍
കുതിച്ച് കേരളം; സന്തോഷ് ട്രോഫിയിൽ രാജസ്ഥാനെ എതിരില്ലാതെ 7 ഗോളിന് കീഴടക്കി
കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിലെ ആദ്യ മത്സരത്തിൽ കേരളം രാജസ്ഥാനെ എതിരില്ലാത്ത ഏഴ് ഗോളുകൾക്ക് തോൽപ്പിച്ചു. നിലവിലെ ചാംപ്യൻമാരായ കേരളത്തിന്‍റെ ഏകപക്ഷീയമായ പ്രകടനത്തിനാണ് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.
മത്സരത്തിൽ കേരളത്തിൻ്റെ മൂന്ന് കളിക്കാർ ഇരട്ട ഗോളുകൾ നേടി. എം വിഘ്നേഷ്, നരേഷ് ഭാഗ്യനാഥ്, റിസ്വാൻ അലി എന്നിവരാണ് രണ്ട് തവണ വീതം ഗോളുകൾ നേടിയത്. നിജോ ഗിൽബർട്ടാണ് കേരളത്തിന്‍റെ മറ്റൊരു ഗോൾ സ്കോറർ. ജയത്തോടെ കേരളം ഗ്രൂപ്പ് രണ്ടിൽ ഒന്നാമതെത്തി.
കളിയിലുടനീളം ആധിപത്യം പുലർത്തിയ കേരളം ആദ്യപകുതിയിൽ 5 ഗോളുകളുടെ ഉജ്ജ്വല പ്രകടനത്തിന് ശേഷം അവസാന പകുതിയിൽ 2 ഗോളുകൾ കൂടി നേടി. ആറാം മിനിറ്റിൽ തന്നെ കേരളത്തിന്‍റെ ആദ്യ ഗോൾ പിറന്നു. നിജോ ഗിൽബർട്ടാണ് ആദ്യ ഗോൾ നേടിയത്.