താമരശ്ശേരി ചുരം വഴിയുള്ള വാഹനങ്ങള്‍ക്ക് വ്യാഴാഴ്ച രാത്രി നിയന്ത്രണം
താമരശ്ശേരി: വ്യാഴാഴ്ച രാത്രി അടിവാരത്ത് നിന്ന് ചുരം വഴി വയനാട് ജില്ലയിലേക്കും തിരിച്ചും വാഹനങ്ങൾക്ക് കർശന നിരോധനം ഏർപ്പെടുത്തിയതായി കോഴിക്കോട് കളക്ടർ. മൈസൂരുവിലെ നഞ്ചൻഗോഡിലെ നെസ്ലെ ഇന്ത്യ ലിമിറ്റഡിന്‍റെ പ്ലാന്‍റിലേക്ക് വലിയ യന്ത്രങ്ങളുമായി പോകുന്ന ട്രെയിലറുകൾ കടന്നുപോകുന്നതിനായാണ് മറ്റ് വാഹനങ്ങൾ നിയന്ത്രിക്കുന്നത്. 22ന് രാത്രിയാത്രയ്ക്ക് ബദൽ മാർഗങ്ങൾ പൊതുജനങ്ങൾ സ്വീകരിക്കണമെന്നാണ് നിർദേശം.
സെപ്റ്റംബർ 10ന് എത്തിയ ലോറികൾ 3 മാസത്തിലേറെയായി അടിവാരത്ത് നിർത്തിയിട്ടിരിക്കുകയാണ്. ചുരത്തിലൂടെ പോകുന്നത് ഗതാഗതം തടസമുണ്ടാക്കുമെന്ന് കണ്ടെത്തി ജില്ലാ ഭരണകൂടം യാത്ര വിലക്കിയിരുന്നു. ചർച്ചകൾക്കൊടുവിലാണ് യാത്രാനുമതി. ജില്ലാ ഭരണകൂടം ആവശ്യപ്പെട്ട സത്യവാങ്മൂലം, 20 ലക്ഷം രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ്, റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി മന്ത്രാലയത്തിന്‍റെ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ അണ്ണാമലൈ ട്രാൻസ്പോർട്ട് കമ്പനി ഹാജരാക്കിയതിനെ തുടർന്നാണ് നടപടി.
ജില്ലയിൽ നിന്ന് താമരശ്ശേരി ചുരം വഴി കോഴിക്കോട്ടേക്ക് പോകുന്ന വാഹനങ്ങൾക്ക് വ്യാഴാഴ്ച രാത്രി 8 മണി മുതൽ താഴെപ്പറയുന്ന ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഈ സമയത്ത് ചുരത്തിലൂടെയുള്ള യാത്രയ്ക്ക് ബദൽ മാർഗം സ്വീകരിക്കണമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.