ഇടുക്കി ജില്ലയിൽ 161 അപകട മേഖലകൾ

തൊടുപുഴ: മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്‍റ് വിഭാഗം നടത്തിയ റോഡ് മാപ്പിങ്ങില്‍ കണ്ടെത്തിയത് ജില്ലയില്‍ 161 അപകട സാധ്യത മേഖലകള്‍.2018 മുതല്‍ 2021 വരെയുള്ള അപകടങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചും എണ്ണം കണക്കിലെടുത്തുമാണ് മേഖലകള്‍ കണ്ടെത്തി ക്ലസ്റ്ററുകളായി തിരിച്ചത്.ജില്ലയില്‍ ബ്ലാക്ക് സ്പോട്ടുകള്‍ ഒന്നുമില്ലെങ്കിലും അപകടങ്ങള്‍ പതിവാകുന്ന ഇടങ്ങളില്‍ മുന്‍കരുതല്‍ നടപടി സ്വീകരിക്കാനും ഇവിടങ്ങളില്‍ പട്രോളിങ് നടത്താനുമാണ് പഠനം നടത്തിയത്. മുന്‍കാലങ്ങളില്‍ കൂടുതല്‍ അപകടങ്ങള്‍ നടന്ന സ്ഥലങ്ങളടക്കം കണ്ടെത്തിയാണ് ക്ലസ്റ്ററുകളായി തിരിച്ച് ഹൈറിസ്ക്, മോഡറേറ്റ്, ലോ റിസ്ക് എന്നിങ്ങനെ വേര്‍തിരിച്ചിരിക്കുന്നത്.ജില്ലയില്‍ ഈവര്‍ഷം ഇതുവരെ അറുപതോളം ജീവനുകളാണ് റോഡില്‍ പൊലിഞ്ഞത്. കഴിഞ്ഞവര്‍ഷം 967 വാഹനാപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. വിവിധ അപകടങ്ങളിലായി 41പേര്‍ മരണപ്പെടുകയും ചെയ്തു. ശരാശരി ഒരുമാസം ചെറുതും വലുതുമായ അമ്ബതോളം റോഡ് അപകടങ്ങള്‍ ജില്ലയില്‍ ഉണ്ടാകുന്നുവെന്നാണ് കണക്കുകള്‍. തകര്‍ന്ന റോഡുകള്‍, വാഹനങ്ങളുടെ അമിതവേഗം, ഡ്രൈവറുടെ അശ്രദ്ധ തുടങ്ങിയവ തന്നെയാണ് മിക്ക അപകടങ്ങള്‍ക്കും കാരണം.
ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍
- വാഹനം തിരിക്കുമ്ബോഴും ട്രാക്ക് മാറുമ്ബോഴും മറ്റൊരു വാഹനത്തെ മറികടക്കുമ്ബോഴും പിന്നിലും വശങ്ങളിലും വാഹനമില്ലെന്ന് ഉറപ്പാക്കണം. കണ്ണാടികളില്‍ ദൃശ്യമാകാത്ത സ്ഥലങ്ങളില്‍ (ബ്ലൈന്‍ഡ് സ്പോട്ട്) ചിലപ്പോള്‍ വാഹനങ്ങളുണ്ടാകാം.
- ഇടതുവശം ചേര്‍ന്ന് വാഹനമോടിക്കാം. മറികടക്കേണ്ടത് വലതുവശത്തുകൂടി മാത്രം.
- വലതുവശത്തുകൂടെ മറികടന്ന് കഴിഞ്ഞാല്‍ പിന്നിലുള്ള വാഹനം ഒരു വണ്ടിയുടെ അകലത്താണെന്ന് ഉറപ്പാക്കിയശേഷമേ ഇടത്തെ ട്രാക്കിലേക്ക് മാറാവൂ. അപ്പോഴും ഇന്‍ഡിക്കേറ്റര്‍ ഉപയോഗിക്കുകയും ബ്ലൈന്‍ഡ് സ്പോട്ടില്‍ വാഹനങ്ങളില്ലെന്ന് ഉറപ്പാക്കുകയും വേണം.
- ട്രക്ക്, ലോറി, ബസ് തുടങ്ങി വലിയ വാഹനങ്ങളില്‍നിന്ന് അകലംപാലിച്ച് വാഹനമോടിക്കുക. ചെറിയ വാഹനങ്ങള്‍ മറികടക്കുമ്ബോള്‍ വലിയ വാഹനങ്ങളിലെ ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഹെഡ് ലൈറ്റ് പ്രകാശിപ്പിക്കണം.
- ബസുകള്‍ മുന്നോട്ടെടുക്കുമ്ബോഴും പിന്നോട്ടെടുക്കുമ്ബോഴും സഹായി (കണ്ടക്ടര്‍, അറ്റന്‍ഡര്‍) ബ്ലൈന്‍ഡ് സ്പോട്ടുകളില്‍ ആളില്ലെന്ന് ഉറപ്പാക്കി ഡ്രൈവര്‍ക്ക് നിര്‍ദേശം നല്‍കണം.
ഹൈ റിസ്കില്‍ 27 ഇടങ്ങള്‍
ജില്ലയില്‍ ഹൈ റിസ്ക് വിഭാഗത്തില്‍ വരുന്നത് 27 ഇടങ്ങളാണ്. അഞ്ച് മുതല്‍ പത്തുവരെ അപകടങ്ങള്‍ സംഭവിച്ച ഇടങ്ങള്‍ ലോറിസ്ക് മേഖലകളും 10 മുതല്‍ 15 വരെയുള്ളത് മോഡറേറ്റും 15ന് മുകളില്‍ ഹൈറിസ്കുള്ള പ്രദേശങ്ങളുമായാണ് മാര്‍ക്ക് ചെയ്തിരിക്കുന്നത്.മേഡറേറ്റ് പ്രദേശങ്ങളില്‍ 54ഉം ലോ റിസ്കില്‍ 80 പ്രദേശങ്ങളും ഉള്‍പ്പെടും.
ദേവികളും താലൂക്കില്‍- അഞ്ച്, തൊടുപുഴ-12, ഉടുമ്ബന്‍ചോല- മൂന്ന്, പീരുമേട്-രണ്ട്, ഇടുക്കി -അഞ്ച് എന്നിങ്ങനെയാണ് താലൂക്ക് അടിസ്ഥാനത്തിലുള്ള ഹൈറിസ്ക് മേഖലകള്‍. മോഡറേറ്റില്‍ ദേവികുളം-13, തൊടുപുഴ-17, ഉടുമ്ബന്‍ചോല- 9, പീരുമേട്-9, ഇടുക്കി -ആറ്. ലോ റിസ്കില്‍ ദേവികുളം-18 , തൊടുപുഴ -18, ഉടുമ്ബന്‍ചോല- 14, പീരുമേട് -14, ഇടുക്കി -16 എന്നിങ്ങനെയാണ് പ്രദേശങ്ങള്‍.ഇതുകൂടാതെ ജില്ലയിലൂടെ കടന്നുപോകുന്ന ദേശീയ പാതകളില്‍ 45 ഇടങ്ങളിലും സംസ്ഥാന ഹൈവേയില്‍ 60 ഇടങ്ങളിലും അപകടസാധ്യത മേഖലകളുണ്ട്