കുംഭമേളയ്ക്കിടെ മരിച്ചത് 82 പേരെന്ന് ബിബിസി റിപ്പോര്‍ട്ട്: യുപി സര്‍ക്കാര്‍ കളളംപറഞ്ഞെന്ന് അഖിലേഷ് യാദവ്

മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലുംപെട്ട് 82 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്ന ബിബിസി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സമാജ് വാദി പാര്‍ട്ടി അധ്യക്ഷനും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. കുംഭമേളയിലുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കളളം പറയുകയാണെന്ന് അഖിലേഷ് യാദവ് ആരോപിച്ചു. വ്യാജ കണക്കുകള്‍ നല്‍കുന്നവര്‍ പൊതുജന വിശ്വാസത്തിന് അര്‍ഹരല്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കുംഭമേളയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 37 പേര്‍ക്ക് ജീവന്‍ നഷ്ടമായി എന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്‍റെ അവകാശവാദം.
‘സത്യം എല്ലാവരും കാണുകയും കേള്‍ക്കുകയും മനസിലാക്കുകയും പങ്കുവയ്ക്കുകയും വേണം. സത്യം എന്തെന്ന് അന്വേഷിക്കേണ്ടത് പ്രധാനമാണ്. അതുപോലെ തന്നെ ആ സത്യം പ്രചരിപ്പിക്കേണ്ടതും അത്യാവശ്യമാണ്. ഭാരതീയ ജനതാ പാര്‍ട്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ബിജെപിയും അതിന്റെ നേതാക്കളും അനുയായികളുമെല്ലാം ആത്മപരിശോധന നടത്തണം. മരണത്തെക്കുറിച്ച് നുണ പറയുന്നവര്‍ വ്യാജ സാമ്രാജ്യത്തിന്റെ കിരീടാവകാശിയാകാന്‍ എത്ര ദൂരം പോകുമെന്ന് ഓര്‍ക്കണം. വ്യാജ കണക്കുകള്‍ നല്‍കുന്നവര്‍ പൊതുജനവിശ്വാസത്തിന് യോഗ്യരല്ല. വ്യാജ കണക്ക് നല്‍കിയെന്ന് മാത്രമല്ല അവരത് സഭയില്‍ അവതരിപ്പിക്കുക കൂടി ചെയ്തു.’- അഖിലേഷ് യാദവ് പറഞ്ഞു.













































































