വെള്ളം വറ്റിയ ചെക്ക് ഡാമിൽ വ്യക്തമായി കാൽപാടുകൾ, അരുവിക്കുഴിയിൽ പുലി!
കുമളി ∙ കേരള – തമിഴ്നാട് അതിർത്തി മേഖലയായ ചെല്ലാർകോവിൽ അരുവിക്കുഴിയിൽ പുലി ഇറങ്ങിയതായി സംശയം. വനംവകുപ്പ് അധികൃതരെത്തി പരിശോധിച്ച ശേഷം ക്യാമറ സ്ഥാപിച്ചു. ഒരു മാസം മുൻപ് ചെല്ലാർകോവിൽ മേഖലയിൽ പുലിയിറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിച്ചിരുന്നു. അരുവിക്കുഴി ചെക്ക് ഡാമിനു സമീപത്താണ് ഇത്തവണ പുലിയുടെ കാൽപാടുകൾ കാണപ്പെട്ടത്. കഴിഞ്ഞ 2 ദിവസങ്ങളായി ഈ ഭാഗത്ത് പുലി എത്തിയതായാണ് സംശയം. വെള്ളം വറ്റിയ ചെക്ക് ഡാമിൽ കാൽപാടുകൾ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
വനമേഖലയിലെ ജലസ്രോതസ്സുകൾ വറ്റി വരണ്ടതു മൂലം വെള്ളം കുടിക്കാൻ വന്യജീവികൾ നാട്ടിലേക്ക് ഇറങ്ങുന്നതായാണ് സംശയിക്കുന്നത്. മുൻപ് പുലി വളർത്തുമൃഗങ്ങളെ ആക്രമിച്ചപ്പോൾ വനം വകുപ്പ് ക്യാമറകൾ സ്ഥാപിച്ചെങ്കിലും സാങ്കേതിക തകരാർ മൂലം ചിത്രങ്ങൾ പതിഞ്ഞിരുന്നില്ല. ഇപ്പോൾ പുലിയുടെ സാന്നിധ്യം വീണ്ടും കാണപ്പെട്ടത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. കന്നുകാലികൾ അടക്കമുള്ള വളർത്തുമൃഗങ്ങൾ ഉള്ളതിനാൽ ജനങ്ങളുടെ ഭീതി അകറ്റാൻ അടിയന്തരമായി വനം വകുപ്പ് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.