ഇടുക്കിയിൽ യുഡിഎഫ് ക്യാമ്പ് തികഞ്ഞ അത്മവിശ്വാസത്തിൽ
ചെറുതോണി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണത്തിന് തിരശീല വീഴുമ്പോൾ ഇടുക്കി നിയോജക മണ്ഡലത്തിലെ യുഡിഎഫ് ക്യാമ്പിൽ തികഞ്ഞ ആത്മവിശ്വാസം. പ്രചാരണത്തിൽ എതിർ സ്ഥാനാർത്ഥികളെ ബഹുദൂരം പിന്നിലാക്കി മുന്നേറാനായത് വോട്ടിങ്ങിൽ പ്രതിഫലിക്കുമെന്നാണ് മുന്നണിയുടെ പ്രതീക്ഷ. പരമ്പരാഗത യുഡിഎഫ് മണ്ഡലമായ ഇടുക്കി ഇത്തവണയും ആ പാരമ്പര്യം കാത്തുസൂക്ഷിക്കുമെന്ന തരത്തിലുള്ള സംസാരമാണ് മണ്ഡത്തിലും പൊതുവേയുള്ളത്. ശക്തമായ മത്സരം നടന്നേക്കുമെന്ന ആദ്യഘട്ട വിലയിരുത്തലുകളിൽ നിന്ന് യുഡി എഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യത്തിലേക്ക് മണ്ഡലം മാറിയത് ഇതിന്റെ പ്രതിഫലനമാണെന്നാണ് വിലയിരുത്തുന്നത്. യുഡിഎഫ് ഉയർത്തിയ വിഷയങ്ങളെ പ്രതിരോധിക്കാനോ മറികടക്കാനോ ഈ തിരഞ്ഞെടുപ്പ് കാലത്തിലൊരിക്കൽ പോലും എതിർപക്ഷത്തിന് സാധിച്ചില്ല എന്നതും മുന്നണിക്ക് അനുകൂലമായി നേതൃത്വം കണക്കുകൂട്ടുന്നു. ഇതെല്ലം വോട്ടിങ്ങിൽ നേട്ടമാകുമെന്നാണ് കരുതപ്പെടുന്നത്. ഇതിനൊപ്പം ഫ്രാൻസിസ് ജോർജിന്റെ വ്യക്തിപ്രഭാവവും കൂടി ചേരുമ്പോൾ വലിയ ഭൂരിപക്ഷത്തോടെയുള്ള വിജയം മണ്ഡലത്തിൽ മുന്നണിക്കുണ്ടാകുമെന്നാണ് ഐക്യ ജനാധിപത്യ മുന്നണിയുടെ പ്രവർത്തകർ പ്രതീക്ഷിക്കുന്നത്.
സമാനതകളില്ലാത്ത പ്രചാരണ പ്രവർത്തനമായിരുന്നു ഈ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഇടുക്കിയിൽ നടത്തിയത്. മണ്ഡലത്തിന്റെ മുക്കിലും മൂലയിലും ഫ്രാൻസിസ് ജോർജിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ ‘ട്രാക്ടറോടിക്കുന്ന കർഷകൻ’ നിറഞ്ഞുനിൽക്കുന്നു. കർഷകരുടെ സ്വന്തം ചിഹ്നം ഓരോ വോട്ടറേയും നേരിൽ കണ്ട് പരിചയപ്പെടുത്തിക്കഴിഞ്ഞു പ്രവർത്തകർ. വോട്ടിങ് മെഷിനിൽ മൂന്നാമതായാണ് ഫ്രാൻസിസ് ജോർജിന്റെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. വീട് കയറിയുള്ള അവസാനവട്ട പ്രചാരണത്തിന്റെ ഭാഗമായി സമ്മതിദായകരുടെ വോട്ടിങ് സ്ലിപ് വീടുകളിൽ എത്തിച്ചു നൽകുവാനുള്ള നടപടികളിലേക്ക് കടന്നിരിക്കുകയാണ് പ്രവർത്തകർ.
കൊട്ടിക്കലാശം വേണ്ടെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശത്തെ തുടർന്ന് റോഡ്ഷോകൾക്കും ഭവന സന്ദർശനങ്ങൾക്കുമാണ് മുന്നണികൾ മുൻതൂക്കം നൽകുന്നത്. ഫ്രാൻസിസ് ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസത്തെ പര്യടനത്തിന് ആവേശം പകരാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ ഇടുക്കിയിലെത്തിയിരുന്നു. ഇടുക്കി നിയോജക മണ്ഡലത്തിലെ മേലെ ചിന്നാറ്റിൽ നിന്നും കമ്പിളികണ്ടം – മുരിക്കാശ്ശേരി – കരിമ്പൻ വഴി ചെറുതോണിയിലെത്തിയാണ് പ്രതിപക്ഷ നേതാവിനൊപ്പമുള്ള സ്ഥാനാർത്ഥിയുടെ റോഡ്ഷോ സമാപിച്ചത്. വലിയ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു ഈ റോഡ്ഷോ. രാവിലെ തട്ടേകണ്ണിയിലെ ദേവാലയത്തിൽ ഈസ്റ്റർ തിരുകർമ്മങ്ങളിൽ പങ്കെടുത്ത ഫ്രാൻസിസ് ജോർജ് തുടർന്ന് മഴുവടി ഉമ്മൻ ചാണ്ടി കോളനിയിൽ കുടുംബയോഗത്തിലും പങ്കെടുക്കുകയുണ്ടായി.