കളം നിറഞ്ഞ് മണിയാശാന്റെ അപരൻ കണ്ടത്തില്‍ പാപ്പന്‍.
കട്ടപ്പന: തെരഞ്ഞെടുപ്പുകളില്‍ വിമത ശല്യവും അപര ശല്യവും സര്‍വ സാധാരണമാണ്. എന്നാല്‍ ഉടുമ്പന്‍ചോല മണ്ഡലത്തില്‍ മത്സരിക്കുന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.എം മണിക്ക് വിത്യസ്തനായൊരു അപരനുണ്ട്. സാധാരണ അപരന്‍മാര്‍ ശല്യമാണെങ്കില്‍ ഇത് മണിയാശാന്റെ സ്വന്തം ആളാണ്. ഈ അപരന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് മാത്രമല്ല, എം.എം മണിക്കായി ഓരോ വീട്ടിലും കയറി വോട്ടു ചോദിക്കുന്നതിന്റെ തിരക്കിലാണ്. രാജാക്കാട് പഴയവിടുതി കണ്ടത്തില്‍ പാപ്പനെന്ന് വിളിക്കുന്ന പാപ്പച്ചനാണ് മണിയാശാന്റെ അപരനായി വിലസുന്നത്. രാജാക്കാട് സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ അനൗണ്‍സറായ പാപ്പന്‍ പഴയകാല പാര്‍ട്ടി പ്രവര്‍ത്തകന്‍ കൂടിയാണ്. വാര്‍ധക്യ സഹജമായ രോഗങ്ങള്‍ അലട്ടുന്നുണ്ടെങ്കിലും അതൊന്നും പാപ്പന് പ്രശ്‌നമല്ല. രാവിലെ പഴയവിടുതിയിലെ വാടകവീട്ടില്‍ നിന്ന് ആരംഭിക്കുന്ന പാപ്പന്റെ പ്രചാരണം വൈകിട്ട് ആറുവരെ നീളും. മണിയാശാന്‍ ജയിച്ച് വീണ്ടും മന്ത്രിയാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് പാപ്പന്‍.
പാപ്പന്റെ വരവുകണ്ടാല്‍ എം.എം മണി സ്വന്തം പോസ്റ്ററും കൈയില്‍ പിടിച്ച് വോട്ടു ചോദിക്കാന്‍ വരികയാണന്നേ തോന്നു. മണിയാശാനും കണ്ടത്തില്‍ പാപ്പനും രൂപത്തിലും ഭാവത്തിലും എന്തിനേറെ വസ്ത്രധാരണത്തില്‍പ്പോലും സാദൃശ്യം ഏറെയാണ്. കാല്‍നടയായാണ് പാപ്പന്റെ പ്രചാരണം. ആദ്യ നോട്ടത്തില്‍ ആരും മണിയാശാനാണെന്നേ കരുതൂ. പലര്‍ക്കും അറിയേണ്ടത് മണിയാശാന്റെ ആരാണ് പാപ്പന്‍ എന്നാണ്. എന്നാല്‍ തങ്ങള്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണെന്നും ആ കുടുംബം സി.പി.എം എന്ന പാര്‍ട്ടി കുടുംബമാണെന്നും പാപ്പന്‍ പറയുന്നു.