ഓണക്കിറ്റ് വിതരണം ഓഗസ്റ്റിൽ തുടങ്ങും: തുണി സഞ്ചി ഉൾപ്പെടെ 14 സാധനങ്ങൾ
തിരുവനന്തപുരം: സപ്ലൈകോയുടെ ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് മുതൽ ആരംഭിക്കും. കിറ്റിൽ 14 ഇനങ്ങൾ ഉണ്ടാകുമെന്നും ഓണത്തിന് മുമ്പ് വിതരണം പൂർത്തിയാക്കുമെന്നും ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. ഓണക്കിറ്റിന് ആവശ്യമായ നടപടിക്രമങ്ങൾ ഇതിനകം പൂർത്തിയാക്കി. തുണിസഞ്ചികൾ ഉൾപ്പെടെ 14 ഉൽപ്പന്നങ്ങൾ ഓണക്കിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഓഗസ്റ്റ് 10ന് ശേഷം റേഷൻ കടകൾ വഴി ഓണക്കിറ്റുകൾ വിതരണം ചെയ്യും. ഇതിനായി 445 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഓണത്തിന് മുമ്പ് എല്ലാവർക്കും കിറ്റുകൾ വിതരണം ചെയ്യാനും ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് 27 ന് സംസ്ഥാന, ജില്ലാ തലങ്ങളിൽ ഓണം മേളകളും സംഘടിപ്പിക്കാനാണ് നീക്കം.
സെപ്റ്റംബർ 1 മുതൽ 8 വരെ സംസ്ഥാനത്തെ എല്ലാ സപ്ലൈകോ സൂപ്പർമാർക്കറ്റുകളിലും നിത്യോപയോഗ സാധനങ്ങൾക്കൊപ്പം പച്ചക്കറികൾ ലഭ്യമാക്കും. ഇത്തവണ ഓണ വിപണിയിൽ സപ്ലൈകോയുടെ ഇടപെടൽ നിർണായകമാകുമെന്നും കിറ്റ് വിതരണത്തെ റേഷൻ വ്യാപാരികൾ സേവനമായി കാണണമെന്നും ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു.