ദേശീയപാത നിർമാണത്തിന് ലോഡുമായെത്തിയ ലോറിക്കാരോട് 25000 രൂപ കൈക്കൂലി; അസിസ്റ്റന്‍റ് വെഹിക്കിൾ ഇൻസ്പെക്ടർ അറസ്റ്റിൽ


ആലപ്പുഴ: ദേശീയപാത നിർമാണത്തിന് ലോഡുമായെത്തിയ ലോറിക്കാരോട് 25000 രൂപ കൈക്കൂലി വാങ്ങിയ അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അറസ്റ്റിലായി. ആലപ്പുഴയിലാണ് കൈക്കൂലി കേസിൽ അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കൾ ഇൻസ്പെക്ടറെ വിജിലൻസ് അറസ്റ്റ് ചെയ്തത്. അമ്പലപ്പുഴ അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എസ്. സതീഷ് ആണ് പിടിയിലായത്.
ദേശീയപാത 66 ആറുവരിപ്പാതയായി വികസിപ്പിക്കുന്ന നിർമാണ കമ്പനിയുടെ ഉപകരാർ കമ്പനിയുടെ കൈയിൽ നിന്നാണ് പണം കൈപ്പറ്റിയത്. ഓവർ ലോഡുമായി വരുന്ന ലോറികൾ കടത്തിവിടുന്നതിന് മാസപ്പടിയായി 25000 രൂപയാണ് സതീഷ് വാങ്ങിയത്.
കരാറുകാരൻ വിവരം നൽകിയതിന്‍റെ അടിസ്ഥാനത്തിൽ വിജിലൻസ് പ്രത്യേക പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയ്ക്കിടെ സതീഷ് ഉപയോഗിക്കുന്ന ഡിപ്പാർട്ട്മെൻറ് വാഹനത്തിൽ നിന്ന് പണം വിജിലൻസ് കണ്ടെത്തുകയായിരുന്നു. ഇതേത്തുടർന്നാണ് സതീഷിനെ വിജിലൻസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കൈക്കൂലിയായി വാങ്ങിയ പണമാണിതെന്ന് സതീഷ് വിജിലൻസിനോട് പറഞ്ഞു.
കഴിഞ്ഞ കുറച്ചു മാസമായി സതീഷ് മാസപ്പടി കൈപ്പറ്റാറുണ്ടെന്നാണ് ദേശീയപാത നിർമാണത്തിന്‍റെ കരാർ ഏറ്റെടുത്ത കമ്പനി നൽകിയ വിവരം. ഇതേത്തുടർന്ന് വിജിലൻസ് കഴിഞ്ഞ കുറച്ചുദിവസമായി സതീഷിനെ നിരീക്ഷിച്ചുവരികയായിരുന്നു.