ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ പ്രതീക്ഷയുമായി സ്റ്റെല്ലാന്റിസ്
കുതിച്ചുപായുന്ന ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ ചുവടുവയ്ക്കാനൊരുങ്ങി ആഗോള ഓട്ടോമോട്ടീവ് നിര്‍മാതാക്കളായ സ്റ്റെല്ലാന്റിസ്. ഇന്ത്യന്‍ ഇവി വിപണിയില്‍ ഇന്ത്യക്ക് വളരാനുള്ള വലിയ അവസരമാണ് ഈ സാഹചര്യമെന്ന് സ്റ്റെല്ലാന്റിസ് സിഇഒ കാര്‍ലോസ് തവാരസ് പറയുന്നു. ‘ഇന്ത്യയ്ക്ക് ഈ അവസരം പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്, രാജ്യത്ത് പദ്ധതികള്‍ ത്വരിതപ്പെടുത്താന്‍ ഞങ്ങള്‍ തയ്യാറാണ്, അദ്ദേഹം പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജീപ്പ് ഇന്ത്യയില്‍ ജനപ്രിയമായി മുന്നേറുമ്പോള്‍ ബി സെഗ്മെന്റില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് സ്റ്റെല്ലാന്റിസ് പദ്ധതിയിടുന്നത്. ഹാച്ച്ബാക്ക്, എസ്യുവി, എംപിവി എന്നിവയുള്ള സിട്രോണ്‍ ബ്രാന്‍ഡിനൊപ്പം, വരുന്ന മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ മോഡലുകളുടെ ഇലക്ട്രിക് പതിപ്പുകള്‍ അവതരിപ്പിക്കാനും പദ്ധതിയുണ്ട്. യൂറോപ്യന്‍ യൂണിയന്‍, വടക്കേ അമേരിക്ക എന്നീ വിപണികള്‍ക്ക് പുറത്ത് 25 ശതമാനം ബിസിനസ് നേടുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതികള്‍. ഇതിന് ഏഷ്യാ പസഫിക് മേഖല വളരെ പ്രധാന പങ്ക് വഹിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. 2021ല്‍ ഇന്ത്യയില്‍ 250 മില്യണ്‍ ഡോളറിന്റെ നിക്ഷേപം സ്റ്റെല്ലാന്റിസ് പ്രഖ്യാപിച്ചിരുന്നു. ‘2023-ല്‍ ഇന്ത്യയ്ക്ക് ആദ്യ ഇവി ലഭിക്കും. ഇന്ത്യന്‍ വിപണിക്ക് വേണ്ടി ഇന്ത്യയില്‍ എന്‍ജിനീയറിങ് ചെയ്തതാണ് വാഹനം. ഞങ്ങള്‍ നാല് മീറ്ററില്‍ താഴെയുള്ള കോംപാക്റ്റ് കാറുകള്‍ കൊണ്ടുവരാന്‍ പോകുന്നില്ല’ അദ്ദേഹം പറഞ്ഞു.